തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നാളെ. പുലര്‍ച്ചെ വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ ഗോപുര നട കടന്നു വടക്കും നാഥനെ വണങ്ങുന്നതോടെ തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകും. പിന്നെ ഘടക പൂരങ്ങള്‍ ഒന്നൊന്നായി വടക്കും നാഥനെ വണങ്ങുവാന്‍ എത്തും. രാവിലെ പതിനൊന്നു മണിയോടെ മഠത്തില്‍ നിന്നും വരവ് ആരംഭിക്കും. മഠത്തില്‍ വരവിന് തിവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. ഈ സമയം കിഴക്കേ ഗോപുര നട കടന്ന് പാറമേക്കാവ് ശ്രീപത്മനാഭന്റെ ശിരസിലേറി പാറമേക്കാവ് ഭഗവതി എഴുന്നള്ളും. തുടര്‍ന്ന് ക്ഷെത്ര മതിക്കെട്ടിനകത്തെ ഇലഞ്ഞിച്ചോട്ടില്‍ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം നടക്കും. മേളം അവസാനിക്കുമ്പോള്‍ വൈകീട്ട് തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും. പതിനഞ്ച് വീതം ആനകള്‍ മുഖാമുഖം നിലയുറപ്പിച്ച് പുരുഷാരത്തെ സ്‍ാക്ഷിയാക്കി വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കുടമാറ്റം. വൈകുന്നേരം വടക്കും നാഥന്റെ ആകാശത്തെ അഗ്നിയുടെ വന്യസൌന്ദര്യത്തില്‍ ആറാടിക്കുന്ന തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട്. തുടര്‍ന്ന് രാത്രിപൂരം. ഉച്ചയോടെ ഇരു വിഭാഗവും പടിഞ്ഞാറെ നടയില്‍ ശ്രീമൂല സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിനു സമാപനമാകും.
പൂരത്തിനു മുന്നോടിയായി നെയ്തലക്കാവിലമ്മ എഴുന്നള്ളി ഇന്ന് തെക്കേ ഗോപുരനട തുറന്നിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് തിടമ്പേറ്റിയത്. പൂരപ്രേമികള്‍ക്കൊപ്പം രാമചന്ദ്രന്റെ ആരാധകരും ചേര്‍ന്നപ്പോള്‍ ചടങ്ങിന് ഒരു ചെറുപൂരത്തിന്റെ പകിട്ട് കൈവന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, തൃശ്ശൂര്‍ പൂരം