തൃശ്ശൂര്‍: ജയപരാജയങ്ങള്‍ മാറി മാറി ലഭിക്കുന്ന സി. പി. ഐ. ക്ക് തൃശ്ശൂരില്‍ ഇത്തവണ തിളക്കമാര്‍ന്ന വിജയം. രണ്ടാമൂഴത്തില്‍ സി. എന്‍. ജയദേവന്‍ കോണ്‍ഗ്രസ്സിന്റെ കെ. പി. ധനപാലനെ 38,227 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കടുത്ത കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം ജില്ലയില്‍ നിലനിന്നിരുന്നു. സംസ്ഥാന രാഷ്ടീയത്തിലെ ഇരു മുന്നണികളിലെ പ്രമുഖ നേതാക്കന്മാരും എം. എല്‍. എ. മാരുമായ ടി. എന്‍. പ്രതാപനും, വി. എസ്. സുനില്‍ കുമാറും തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. പൊതു സമൂഹത്തില്‍ സ്വീകാര്യത ഏറെ ഉള്ള വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ. സി. എന്‍. ജയദേവന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. ചിട്ടയായ പ്രവര്‍ത്തനവും ഒപ്പം കോണ്‍ഗ്രസ്സ് വിരുദ്ധ വികാരവും സി. എന്‍. ജയദേവന്റെ വിജയത്തിന്റെ തിളക്കം കൂട്ടി. നാട്ടുകാരന്‍ എന്നതും ഇടതു പക്ഷത്തിനു സ്വാധീനമുള്ള മണലൂര്‍, അന്തിക്കാട്, നാട്ടിക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഉള്ള വോട്ടുകളും സി. പി. ഐ. സ്ഥാനാര്‍ഥിക്ക് കരുത്ത് പകര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാറാ ജോസഫ് നാല്പതിനായിരത്തില്‍ പരം വോട്ടുകള്‍ നേടിയിരുന്നു. തൃശ്ശൂരില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കൃസ്ത്യന്‍ സഭകളും മണ്ഡലത്തില്‍ കൃസ്ത്യാനിയല്ലാത്ത കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയോട് മമത കാട്ടിയില്ലെന്നും വിലയിരുത്തപ്പെടുന്നു.
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വൈരം പരസ്പരം നേതാക്കന്മാരെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിയ ജില്ലയാണ് തൃശ്ശൂര്‍. രണ്ടു ജില്ലാ നേതാക്കന്മാരാണ് ഇവിടെ അടുത്തടുത്ത് കൊല്ലപ്പെട്ടത്. എം. പി. എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ തീരെ ഇല്ലാത്തതും ഗ്രൂപ്പുകള്‍ക്ക് അനഭിമതനായതിനെ തുടര്‍ന്ന് വിജയ പ്രതീക്ഷ തീരെ ഇല്ലായിരുന്നു മണ്ഡലത്തിലെ സിറ്റിങ്ങ് എം. പി. യായിരുന്ന പി. സി. ചാക്കോ. തുടര്‍ന്ന് അദ്ദേഹം ചാലക്കുടിയിലേക്ക് മാറുകയായിരുന്നു. ചാലക്കുടിയിലെ സിറ്റിംഗ് എം. പി. ആയിരുന്ന കെ. പി. ധനപാലനെ തൃശ്ശില്‍ മത്സരിപ്പിച്ചു. ചാലക്കുടിയില്‍ പി. സി. ചാക്കോ നടന്‍ ഇന്നസെന്റിനോട് പതിനായിരത്തില്‍ പരം വോട്ടിനു പരാജയപ്പെട്ടു. ഫലത്തില്‍ രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസ്സിനു നഷ്ടമായി.
‘ഞങ്ങള്‍ ചാക്കോയെയാണ് എതിരാളിയായി പ്രതീക്ഷിച്ചത്. ധനപാലനെ കുറിച്ച് ഒരു ഘട്ടത്തിലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. ധനപാലനിലൂടെ ചാക്കോയെത്തന്നെയാണ് ഞങ്ങള്‍ തോല്പിച്ചത്’ എന്ന ജയദേവന്റെ വാക്കുകള്‍ നാട്ടുകാരുടേത് കൂടിയാകുന്നു.
സി. പി. ഐ. ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് തൃശ്ശൂര്‍. ദേശീയ രാഷ്ടീയത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ചില ചരിത്ര വിജയങ്ങളും സി. പി. ഐ. ഈ മണ്ഡലത്തില്‍ കാഴ്ച വെച്ചിട്ടുണ്ട്. വി. വി. രാഘവന്‍ കേരള രാഷ്ടീയത്തിലെ അതികായനായിരുന്ന മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനേയും, പിന്നീട് അദ്ദേഹത്തിന്റെ മകനും മുന്‍ കെ. പി. സി. സി. പ്രസിഡണ്ടുമായിരുന്ന കെ. മുരളീധരനേയും പരാജയപ്പെടുത്തിയ മണ്ഡലമാണ് തൃശ്ശൂര്‍. ഇത്തവണത്തെ വിജയവും ചരിത്രത്തില്‍ ഇടം പിടിക്കുന്നതാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ലീഡോടെ സി. പി. ഐ. വിജയിച്ച മണ്ഡലം എന്ന നിലയില്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്