ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് കരുതി പരനാറി പരമയോഗ്യൻ ആകില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ടീയ ചെറ്റത്തരം കാണിക്കുന്നവരെ ചെറ്റയെന്ന്‍ വിളിക്കുക സ്വാഭാവികമാണ്. കൊള്ളക്കാരും ക്രിമിനലുകളും തിരഞ്ഞെടുപ്പില്‍ വിജയിക്കാറുണ്ടെന്ന് പറഞ്ഞ പിണറായി, മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ പേരില്‍ ചിലരൊക്കെ ജയിച്ചതായും പറഞ്ഞു.
പിണറായി വിജയന്‍ നേരത്തെ എന്‍. കെ. പ്രേമചന്ദനെതിരെ നടത്തിയ പരനാറി പ്രയോഗം കൊല്ലത്ത് പാർട്ടിയുടെ പരാജയത്തിനു വഴി വെച്ചോ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സീറ്റു നിഷേധത്തെ തുടര്‍ന്ന് എല്‍. ഡി. എഫ്. വിട്ട് യു. ഡി. എഫിലേക്ക് ചേക്കേറിയ ആര്‍. എസ്. പി. യുടെ നിലപാടു മാറ്റത്തോട് കടുത്ത വാക്കുകളാലാണ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. കൊല്ലത്ത് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ആര്‍. എസ്. പി. നേതാവ് പ്രേമചന്ദ്രനോട് വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 37000-ല്‍ പരം വോട്ടിനാണ് പ്രേമചന്ദ്രന്‍ വിജയിച്ചത്.
പരനാറി പ്രയോഗത്തിന് ബാലറ്റിലൂടെ ജനം മറുപടി നല്‍കിയതായി പ്രേമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. പരനാറി പ്രയോഗം കേരളമൊട്ടാകെ തിരഞ്ഞെടുപ്പില്‍ വിഷയമായെന്നും പരനാറി പ്രയോഗത്തെ കുറിച്ച് സി. പി. ഐ. എം. ആത്മ പരിശോധന നടത്തണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ പരനാറി പിണറായി വിജയന്‍ ആണെന്ന് ആര്‍. എസ്. പി. നേതാവ് വി. പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ തകര്‍ച്ചക്ക് ഉത്തരവാദി പിണറായി വിജയന്‍ ആണെന്നും ആദേഹം കുറ്റപ്പെടുത്തി. ഇടതു മുന്നണി വിട്ടപ്പോള്‍ തന്നോട് രാജി വെക്കുവാന്‍ ആവശ്യപ്പെട്ട എം. എ. ബേബി ധാര്‍മ്മികതയുണ്ടെങ്കില്‍ ഇപ്പോൾ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം