തൃശൂര്‍: പാലിയക്കര ടോള്‍സമരം നാളെ നൂറാം ദിവസത്തിലേക്ക്. സമരം നൂറാംദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നാളെ വൈകിട്ട് സമരപ്പന്തലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംഗമത്തില്‍ നിരവധി രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
പൊതുവഴിയില്‍ക്കൂടി നടക്കാനുള്ള സ്വതന്ത്ര്വത്തിനു വേണ്ടി പോരാടിയ അയ്യങ്കാളിയുടേയും മറ്റു പോരാട്ടങ്ങളുടേയും പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് പാലിയേക്കര സമരം തളരാതെ മുന്നോട്ട് പോകുന്നത്. ടോള്‍ നിരക്കുകള്‍ കുറയ്‌ക്കുക എന്ന ആശയം സമരത്തില്‍ അംഗീകരിക്കുന്നില്ല. പൊതുനിരത്തില്‍ കൂടി സഞ്ചരിക്കാനുള്ള അവകാശത്തിനു നേരെയുള്ള അധിനിവേശ ശക്‌തികളുടെ കടന്നുകയറ്റമായാണ് ടോള്‍ പ്ലാസയെ സമരനേതാക്കള്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ടോള്‍പിരിവ് പൂര്‍ണമാകും അവസാനിപ്പിക്കുക എന്ന ആവശ്യത്തില്‍നിന്ന് പുറകോട്ടുപോകാന്‍ തയ്യാറല്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
മാര്‍ക്‌സിസ്‌റ്റ് വിമതരും നക്‌സലേറ്റുകളുമാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെങ്കിലും ബി. ജെ. പിയും സി.പി.ഐയുമടക്കമുള്ള സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെയായിരുന്നു പാലിയേക്കരയില്‍ ടോള്‍പിരിവ് ആരംഭിച്ചത്. പിന്നീട് നടന്ന ചര്‍ച്ചകളില്‍ സര്‍വീസ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷമേ ടോള്‍പിരിവ് ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സമരം കൂടുതല്‍ ശക്‌തമായത്. അതോടെ സമരത്തോട് മുഖം തിരിച്ചുനിന്നിരുന്ന സി.പി.എമ്മും രംഗത്തിറങ്ങുകയുണ്ടായി. എന്നാല്‍ സമര സമിതിയുമായി സഹകരിക്കാതെയാണ് സി.പി.എം. സ്വന്തം നിലയില്‍ സമരം നടത്തിയത്.
കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനടക്കമുള്ളവര്‍ നിരന്തരമായി സമരപ്പന്തലിലെത്തിയിരുന്നതുകൊണ്ടുതന്നെ സമരം ചെയ്യുമ്പോഴും സമരസമിതിയെ കുറ്റപ്പെടുത്താന്‍ സി.പി.എം. ശ്രദ്ധിച്ചിരുന്നു. സമരം 100-ാം ദിവസത്തേക്ക് പ്രവേശിക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ ടോള്‍ കൊടുക്കാതെ കടന്നപോകുന്ന സമാന്തരപാത അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ് അധികൃതര്‍. എന്നാല്‍ നാട്ടുകാര്‍ രംഗത്തിറങ്ങി സമാന്തരപാതയ്‌ക്ക് കോണ്‍ക്രീറ്റിട്ടത് അധികൃതര്‍ക്ക് തിരിച്ചടിയായി. ഒരു കാരണവശാലും സമാന്തരപാത അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സമരസമിതി പ്രവര്‍ത്തകര്‍.
കഴിഞ്ഞയാഴ്‌ച ചാലക്കുടിയില്‍ ഡി. വൈ. എസ്. പി. എല്ലാ രാഷ്‌ട്രീയക്കാരേയും വിളിച്ചുകൂട്ടി സമാന്തരപാത അടച്ചുപൂട്ടാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ അതനുവദിക്കില്ലെന്ന നിലപാടിലാണ് രാഷ്‌ട്രീയപാര്‍ട്ടികളും സമരസമിതിയും. ടൂവീലറുകള്‍ക്കും ഓട്ടോകള്‍ക്കും സമാന്തരപാതയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കാമെന്ന നിര്‍ദേശവും യോഗത്തില്‍ പങ്കെടുത്തവര്‍ തള്ളിക്കളഞ്ഞു. നൂറാംദിവസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് സമരസമിതി. പ്രതിഷേധസംഗമത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, മനുഷ്യാവകാശം, വിവാദം
കേരളത്തില്‍ വിദ്യാഭ്യാസം ഉണ്ടെന്ന് പറയുന്നത് വെറുതേയാ , ഇവിടെ വിവരം ഇല്ലാത്തവര്‍ ആണ് കുടുതല്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ റോഡ് പണി യണമേന്ന്‍ പറയുമോ