കുന്നംകുളം: കണ്ടെയ്‌നര്‍ ലോറി ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി നാല് പേര്‍ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. കണ്ടെയ്‌നര്‍ ലോറി, ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടം. നാലു പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കുന്നംകുളം – പട്ടാമ്പി റോഡില്‍ ചാക്കുണ്ണി അയ്യപ്പന്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.
പട്ടാമ്പി റോഡ് കോലാടി ജോണ്‍സണ്‍, പഴഞ്ഞി അരുവായ് സ്വദേശി സജിത്തിന്റെ ഭാര്യ റീജ, പാലക്കാട് ജില്ലയിലെ കോതച്ചിറ സ്വദേശികളായ വട്ടപ്പറമ്പില്‍ മുഹമ്മദ്, മുഹ്‌സില്‍ മുസ്ലിയാര്‍ എന്നിവരാണു മരിച്ചത്. ജോണ്‍സന്റെ വീടിനു മുമ്പിലായിരുന്നു അപകടം.
സജിത്തും ഭാര്യ റീജയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ഇതു കണ്ടു പുറകെ ഓട്ടോറിക്ഷയില്‍ വരികയായിരുന്ന മുഹമ്മദും മുഹ്‌സിലും രക്ഷാ പ്രവര്‍ത്തനത്തിനായി ചാടിയിറങ്ങി. ഇടിയുടെ ശബ്ദം കേട്ട് വീടിനു പുറത്തേക്കിറങ്ങിയ ജോണ്‍സണും രക്ഷാ പ്രവര്‍ത്തനത്തിനു സഹായിച്ചു. ഈ സമയം, കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മറ്റൊരു കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഇവരുടെ മേല്‍ പാഞ്ഞു കയറുകയായിരുന്നു. രണ്ടാഴ്ചയേ ആയുള്ളൂ സജിത്തിന്റെയും റീജയുടെയും വിവാഹം കഴിഞ്ഞിട്ട്. പരുക്കേറ്റ സജിത്തിനെ അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സജിത്തിന്റെ ബൈക്കില്‍ ആദ്യമിടിച്ച കണ്ടെയ്‌നര്‍ ലോറി വളാഞ്ചേരിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
കനത്ത മഴ രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു. പൊലീസും അഗ്നി ശമന സേനയുമെത്തിയാണു മൃതദേഹങ്ങള്‍ മാറ്റിയതും പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം