തിരുവനന്തപുരം: സി. പി. എം. യൂസഫലിക്ക് എതിരല്ലെന്നും അദ്ദേഹം കയ്യേറ്റക്കാരന്‍ അല്ലെന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിക്ഷേപ സാധ്യത ഉള്ള ഒരു പദ്ധതിയേയും സി. പി. എം. എതിര്‍ക്കില്ലെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും യൂസഫലി പിന്മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളിനു അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നും ഇടപ്പള്ളി തോട് യൂസഫലി കയ്യേറിയിട്ടില്ലെന്നും പറഞ്ഞ പിണറായി യൂസഫലി ഇനിയും നിക്ഷേപങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.
ലേലത്തില്‍ പങ്കെടുത്താണ് യൂസഫലി ഭൂമി സ്വന്തമാക്കിയതെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പോര്‍ട്ട് ട്രസ്റ്റ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളുമായും ബോള്‍ഗാട്ടി പ്രോജക്ടുമായും ബന്ധപ്പെട്ട് സി. പി. എം. നേതാക്കളായ എം. എം. ലോറന്‍സ്, ദിനേശ് മണി എന്നിവരുടെ ഭാഗത്തു നിന്നും ഉയര്‍ന്ന പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമാണ് ഉണ്ടായത്. ലുലുവിനേയും യൂസഫലിയേയും അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. വിവാദം ചൂട് പിടിച്ചപ്പോള്‍ ഇതു സംബന്ധിച്ച് പരസ്പര വിരുദ്ധമായ നിലപാടുകളാണ് ലോറന്‍സും വി. എസും സ്വീകരിച്ചത്. എം. എം. ലോറന്‍സ് അച്ച്യുതാനന്ദന്റെ നിലപാടിനെ തള്ളിക്കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് യൂസഫലിക്കെതിരെയും പോര്‍ട് ട്രസ്റ്റിനെതിരെയും ഉന്നയിച്ചത്. എന്നാല്‍ അപ്പോളൊന്നും പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചിരുന്നില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം