കൊച്ചി: സംസ്ഥാനത്ത് മണലിന്റെ ക്ഷാമം രൂക്ഷമായതിനൊപ്പം മ്യാന്മറില്‍ (ബര്‍മ്മ) നിന്നുമുള്ള തടിയുടെ വരവ് നിലച്ചത് കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. പിന്‍കോഡ, തേക്ക് എന്നീ മരങ്ങളാണ് പ്രധാനമായും മ്യാന്മറില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. ഉറപ്പും ഈടും ഉള്ള പിന്‍കോഡ എന്ന മരം കേരളത്തിന്റെ കാലാവസ്ഥയോട് വളരെയധികം യോജിക്കുന്നതിനാലാണ് നിര്‍മ്മാണ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഏപ്രില്‍ മാസത്തിലാണ് മ്യാന്മറില്‍ നിന്നുമുള്ള ഉരുളന്‍ തടിയുമായി അവസാന കപ്പല്‍ കൊച്ചി തുറമുഖത്ത് അടുത്തത്.
ഉരുളന്‍ തടിയുടെ കയറ്റുമതി മ്യാന്മര്‍ നിര്‍ത്തി വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. പകരം പല വലിപ്പത്തില്‍ മുറിച്ച് സൈസാക്കിയ തടികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കേരളത്തില്‍ എത്തുമ്പോള്‍ വലിയ തുക നികുതിയായി നല്‍കേണ്ടി വരുന്നു. ഇതു മൂലം ഇറക്കുമതിക്കാര്‍ പിന്‍വാങ്ങുന്നു. പ്രതിവര്‍ഷം ഏതാണ്ട് ഒരു ലക്ഷം ടണ്ണിനടുത്ത് പിന്‍കോഡയാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അമ്പതിനായിരം ടണ്ണോളം തേക്കും ഇറക്കുമതി ചെയ്യുന്നു. വരവ് നിലച്ചതോടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 250 മുതല്‍ 350 രൂപ വരെ ക്യുബിക്ക് അടിക്ക് അധിക വില നല്‍കേണ്ടി വരുന്നു. നേരത്തെ പിന്‍കോഡ കൊണ്ടുള്ള ഉരുപ്പടികള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ കരാര്‍ ഏറ്റവര്‍ക്ക് ആണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.
നാടന്‍ മരങ്ങളുടെ ലഭ്യത കുറവ് വന്നതോടെയാണ് ഇറക്കുമതി മരങ്ങള്‍ക്ക് കേരളത്തില്‍ പ്രിയമായത്. വിലക്കുറവും ഒപ്പം തന്നെ മരം അറുത്താല്‍ പാഴായി പോകുന്നതും കുറവാണ് എന്ന പ്രത്യേകതയും പിന്‍കോഡയ്ക്കുണ്ട്. മ്യാന്മര്‍ മരത്തിന്റെ വരവ് നിലച്ചതോടെ ആഫ്രിക്ക, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും മരങ്ങള്‍ വരുന്നുണ്ടെങ്കിലും അതിനു ഡിമാന്റ് കുറവാണ്. ഉറപ്പിനെയും ഈടിനേയും കുറിച്ചുള്ള ആശങ്കയാണ് പ്രധാന കാരണം.
മണല്‍ പ്രതിസന്ധി മൂലം പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അമിത വില നല്‍കിക്കൊണ്ട് കള്ള മണലിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ നിര്‍മ്മാണ മേഖല. നിലവാരമില്ലാത്ത കര മണലിനേയും എം. സാന്റിനേയും ആശ്രയിക്കേണ്ട ഗതികേടിലാണ് കെട്ടിടം നിര്‍മ്മിക്കുന്നവര്‍. ഇതു മൂലം നിര്‍മ്മാണ ചിലവ് വലിയ തോതില്‍ വര്‍ദ്ധിച്ചു, ഒപ്പം കെട്ടിടങ്ങളുടെ ഈടും ബലവും കുറഞ്ഞു. ഇതോടൊപ്പം മരത്തിന്റെ വരവ് നിലച്ചതോടെ നിര്‍മ്മാണ മേഖല വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വരും ദിനങ്ങളില്‍ കരിങ്കൽ ഖനനത്തിനു നിയന്ത്രണം വരിക കൂടെ ചെയ്താല്‍ സ്തംഭനാവസ്ഥയിലേക്കാവും ഈ മേഖല എത്തുക.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വ്യവസായം, സാമ്പത്തികം