പാലക്കാട്: കേരളത്തിലെ യത്തീം ഖാനകളിലേക്ക് ഉത്തരേന്ത്യന്‍ കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലെ മുഖ്യ ഇടനിലക്കാരന്‍ എന്ന് കരുതപ്പെടുന്ന ആള്‍ പോലീസ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദാണ് പോലീസ് പിടിയിലായത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു വരുന്നു. ജാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള അന്വേഷണ സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അനാഥാലയങ്ങളിലേക്ക് കൊണ്ടു വന്ന കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ നല്‍കിയ സൂചനയില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.
മുക്കം യത്തീം ഖാനയില്‍ കഴിഞ്ഞ ദിവസം പോലീസ് സംഘം പരിശോധന നടത്തുകയും അധികൃതരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. മെയ് 24 നാണ് പാലക്കാട് ട്രെയിനില്‍ നിന്നും 466 ഓളം കുട്ടികളെ പോലീസ് കണ്ടെത്തിയത്. പരിശോധനയെ തുടര്‍ന്ന് രേഖകള്‍ ഇല്ലാത്ത കുട്ടികളെ ബാല മന്ദിരത്തിലേക്ക് അയച്ചു.
ഉത്തരേന്ത്യയില്‍ നിന്നും വ്യക്തമായ രേഖകള്‍ ഇല്ലാതെയും ട്രെയിന്‍ ടിക്കറ്റ് എടുക്കാതെയും കുട്ടികളെ ട്രെയിനില്‍ കുത്തി നിറച്ച് കൊണ്ടു വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. യത്തീം ഖാനകളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വരുന്നതിനു വ്യക്തമായ മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ട്. എന്നാല്‍ വേണ്ടത്ര രേഖകളും ട്രെയിന്‍ ടിക്കറ്റും ഇല്ലാതെ കുട്ടികളെ കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് കേസെടുത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. അതേ സമയം മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഉത്തരവുകളെ പോലും പാലിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. അനാഥാലയങ്ങളുടെ മറവില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ കടത്തി ക്കൊണ്ടു വന്ന കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ഇതു വരെ കൈക്കൊണ്ട നടപടികള്‍ വിശ്വസനീയമല്ലെന്നും, കുറ്റക്കാരെ സര്‍ക്കാര്‍ വെറുതെ വിട്ടാലും കോടതി വെറുതെ വിടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കേരള ഹൈക്കോടതി, കോടതി, പീഡനം, മനുഷ്യാവകാശം