തൃശ്ശൂര്‍ : ജനുവരി മുതല്‍ മെയ് മാസം വരെ നീളുന്ന ഉത്സവ സീസണ്‍ കഴിഞ്ഞതോടെ കേരളത്തിലെ നാട്ടാനകള്‍ക്ക് ഇനി വിശ്രമത്തിന്റെയും സുഖ ചികിത്സയുടേയും നാളുകള്‍. ആയ്യുര്‍വേദ വിധി പ്രകാരം ഉള്ള പ്രത്യേക ചികിത്സകള്‍ ആണ് കൃത്യമായി പരിപാലിക്കപ്പെടുന്ന ആനകള്‍ക്ക് നല്‍കുക. പല ആനകള്‍ക്കും നീരുകാലം ജൂണ്‍ – ജനുവരി വരെ ഉള്ള കാലയളവില്‍ ആയിരിക്കും. അതു കൊണ്ടു തന്നെ ഉത്സവങ്ങള്‍ ഇല്ലാത്ത ഈ സമയം അവയ്ക്ക് യഥാവിധി നീര് ഒഴുകി പോകുന്നതിനും കൃത്യമായ വിശ്രമത്തിനും ഉള്ള അവസരമായി മാറുന്നു.
തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്സവങ്ങള്‍ നടക്കുന്നത്. ആറായിരം മുതല്‍ മുകളിലേക്കാണ് ആനയുടെ ഒരു ദിവസത്തെ ഏക്കത്തുക. ഡിമാന്റനുസരിച്ച് ഒരു ലക്ഷം രൂപ വരെ പ്രതിദിനം ഏക്കത്തുക വാങ്ങുന്ന ആനകള്‍ കേരളത്തില്‍ ഉണ്ട്. തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്‍, മന്ദലാംകുന്ന് കര്‍ണ്ണന്‍, പുത്തന്‍കുളം അനന്ദപത്മനാഭന്‍, ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ഊട്ടോളി രാജശേഖരന്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍ തുടങ്ങിയ ആനകള്‍ക്ക് കേരളത്തിലെ ഉത്സവങ്ങളില്‍ നല്ല ഡിമാന്റ് ആയിരുന്നു. തലയെടുപ്പിലും ഉയരത്തിലും ഒന്നാമനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ ആയിരുന്നു ഈ വര്‍ഷവും കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ ഒന്നാമന്‍. ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രാമചന്ദ്രന്റെ ഏക്കത്തുക പലപ്പോഴും ലേലത്തിലൂടെയാണ് ഉറപ്പിക്കുക പതിവ്.
കേരളത്തിലെ ആനയുടമകളുടെ പ്രധാന വരുമാന മാര്‍ഗ്ഗം ഉത്സവങ്ങളില്‍ നിന്നും ലഭിക്കുന്ന ഏക്കത്തുകയാണ്. ഈ സീസണില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഒരു വര്‍ഷം മുഴുവന്‍ ആനയെ പരിചരിക്കുവാന്‍ ആവശ്യമായ തുക കണ്ടെത്തുന്നത്. ഇതിനിടയില്‍ ഇടയുകയോ മദപ്പാടില്‍ ആകുകയോ ചെയ്താല്‍ അത് ഉടമയ്ക്ക് വലിയ സാമ്പത്തീക ബാധ്യത വരുത്തി വെയ്ക്കുന്നു. കഴിഞ്ഞ സീസണില്‍ ആനയിടഞ്ഞതിനെ തുടര്‍ന്ന് ഏഴ് പേരോളം കൊല്ലപ്പെട്ടിരുന്നു.
ആനകള്‍ക്ക് മാത്രമല്ല അവയെ വഴി നടത്തുന്ന പാപ്പാന്മാര്‍ക്കും ഇത് വിശ്രമത്തിന്റെ കാലമാണ്. പ്രത്യേകിച്ചും ഒന്നാം പാപ്പാന്മാര്‍ക്ക്. പല ആനകളും ഇവര്‍ക്ക് മാത്രം വഴങ്ങുന്നവര്‍ ആയിരിക്കും. ഉത്സവപ്പറമ്പുകളില്‍ നിന്നും ഉത്സവപ്പറമ്പു കളിലേക്കുള്ള പ്രയാണത്തിനിടയില്‍ പലപ്പോഴും ഇവര്‍ക്ക് വീട്ടുകാര്‍ക്കൊപ്പം കഴിയുവാന്‍ അവസരം ലഭിക്കില്ല. സീസണ്‍ കഴിഞ്ഞു ആനയെ ബന്ധവസ്സാക്കിയാല്‍ പിന്നെ ഇവര്‍ ഇല്ലെങ്കിലും സഹായികള്‍ക്ക് ആനയെ പരിചരിക്കുവാനാകും. പലപ്പോഴും ഈ സമയത്താണ് പല പാപ്പാന്മാരും പുതിയ ആനകള്‍ക്കൊപ്പം ജോലിക്ക് ചേരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം