തൃപ്പൂണിത്തുറ: പാപ്പാന്മാരുമായി പിണങ്ങി ചമ്പക്കര പുഴയില്‍ ഇറങ്ങിയ കൊമ്പനെ കരയ്ക്കു കയറ്റി. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് തൃപ്പൂണിത്തുറ ദേവസ്വം വക രവിപുരം ഗോവിന്ദന്‍ എന്ന ആന ഇടഞ്ഞത്. ഏറെ നേരം പുഴയില്‍ മുങ്ങിക്കിടന്ന ആന കരയ്ക്കു കയറുവാന്‍ വിസമ്മതിച്ചു. ഒരവസരത്തില്‍ ആനയുടെ തുമ്പിയും മുതുകും മാത്രമാണ് വെള്ളത്തിനു മുകളില്‍ കണ്ടിരുന്നത്. ശ്വാസമെടുക്കു വാനായിട്ടാണ് ആന തുമ്പി വെള്ളത്തിനു മുകളില്‍ ഉയര്‍ത്തി വെച്ചിരുന്നത്. ആനയെ അനുനയിപ്പിച്ച കരയ്ക്കു കയറ്റുവാന്‍ പാപ്പാനും, ഫയര്‍ ഫോഴ്സിനും, നാട്ടുകാര്‍ക്കും ഏറേ പരിശ്രമിക്കേണ്ടി വന്നു. വടമെറിഞ്ഞ് കരയ്ക്കു കയറ്റുവാന്‍ ഉള്ള ശ്രമത്തിനിടെ ആന പുഴയിലൂടെ മൂന്നു കിലോമീറ്ററില്‍ അധികം നീന്തി. ആനയെ പാപ്പാന്‍ ഉപദ്രവിച്ചതാണ് പെട്ടെന്ന് പ്രകോപിതനായി ഓടുവാന്‍ കാരണമെന്ന് കരുതുന്നു. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ശീവേലിക്കായി കൊണ്ടു വന്നതായിരുന്നു രവിപുരം ഗോവിന്ദനെ.
ആന ഇടഞ്ഞതറിഞ്ഞ് ധാരാളം ആളുകള്‍ തടിച്ചു കൂടി. ഈ റൂട്ടിലൂടെയുള്ള ഗതാഗതവും കുറച്ചു നേരം നിര്‍ത്തി വെച്ചു. അഞ്ചു വര്‍ഷം മുമ്പ് പാപ്പാന്‍ ഗോപാല കൃഷ്ണനെ കൊന്ന് കൊച്ചി നഗരത്തില്‍ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ള ആനയാണ് രവിപുരം ഗോവിന്ദന്‍. എന്നാല്‍ പിന്നീട് കാര്യമായ പ്രശ്നങ്ങളൊന്നും ഈ ആന ഉണ്ടാക്കിയിട്ടില്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം
ആന സാധു ജീവിയാണു. അതിനെ ഉപദ്രവിക്കരുത്.