ഗുരുവായൂര്‍ : ഗജരത്നം ഗുരുവായൂര്‍ പത്മനാഭനെ പിന്‍ കാലുകളില്‍ വാതത്തിന്റെ ലക്ഷണങ്ങളും വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളും കാരണം ഡോക്ടര്‍മാര്‍ പരിശോധന നടത്തി ചികിത്സ നല്‍കുന്നു. മദപ്പാടിനെ തുടര്‍ന്ന് കുറച്ചുനാളായി ആനക്കോട്ടയിലെ കെട്ടും തറിയില്‍ ബന്ധനസ്ഥനായ പത്മനാഭന്‍ ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാപ്പാന്മാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 65 വയസ്സിനടുത്ത് പ്രായം വരുന്ന പത്മനാഭനെ ഗുരുവായൂരപ്പന്റെ പ്രത്യക്ഷ സാന്നിധ്യമായാണ് ആരാധകര്‍ കാണുന്നത്. ദേവസ്വ അധികാരികള്‍ വളരെ ശ്രദ്ധാപൂര്‍വ്വമായ പരിചരണം ആണ് ഇവനു നല്‍കുന്നത്. പ്രായാധിക്യം കൊണ്ട് പല്ലുകള്‍ക്ക് തേയ്മാനം വന്നതിനാല്‍ പനമ്പട്ട തിന്നുവാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ചോറും മറ്റും ഉരുട്ടി വലിയ ഉരുളകളാക്കിയാണ് നല്‍കുന്നത്. ക്ഷീണം കുറയുവാനും മറ്റും ഉള്ള മരുന്നുകളും നല്‍കുന്നുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒറ്റപ്പാലത്തെ ഈ.പി ബ്രദേഴ്സ് ആണ് പത്മനാഭനെ ഗുരുവായൂരപ്പനു നടയിരുത്തിയത്. കേരളത്തിലെ ഉത്സവപ്പറമ്പുകളീല്‍ ഏറേ കീര്‍ത്തിയും ആരാധകരും ഉള്ള ഇവനെ പക്ഷെ അടുത്തകാലത്തായി മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് അയക്കാറില്ല. ഗുരുവായൂരപ്പന്റെ തിടമ്പെറ്റുവാന്‍ മാത്രമാണ് ഇപ്പോള്‍ ഇവന്‍ പുറത്ത് പോകാറുള്ളത്. ആനക്കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക് ഏക്കം പോയ ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍.2004-ല്‍ നെന്മാറ വല്ലങ്ങി ഉത്സവത്തിനു റെക്കോര്‍ഡ് തുകയായ 2,22,222 രൂപയ്ക്ക് വല്ലങ്ങി ദേശക്കാര്‍ ഇവനെ ഏക്കം കൊണ്ടത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം