വളപട്ടണം : തീരദേശ നിയമത്തിന്റെ (സി. ആര്‍. സെഡ്. 1) പരിധിയില്‍ വരുന്ന മേഖലയായ വളപട്ടണം പുഴയോരത്ത് നടന്നു വരുന്ന കണ്ടല്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുവാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു. കണ്ടല്‍ കാടുകള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് പദ്ധതി തുടങ്ങിയതെന്ന് ഇക്കോ ടൂറിസം സൊസൈറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വാദം അംഗീകരിക്കാന്‍ വനം പരിസ്ഥിതി വകുപ്പിന്റെ ബാംഗ്ലൂര്‍ റീജണല്‍ ഓഫീസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. എസ്. കെ. സുസര്‍ള തയ്യാറായില്ല. ഇവിടെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം കണ്ടല്‍ ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് 15 ദിവസത്തിനകം സംസ്ഥാന തീര ദേശ പരിപാലന അതോറിറ്റി ചെയര്‍മാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു.
തീര ദേശ പരിപാലന നിയമവും, തീര ദേശ മാനേജ്മെന്റ് പ്ലാനും ലംഘിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഡോ. എസ്. കെ. സുസര്‍ള യുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച അന്വേഷണ സംഘം കണ്ടെത്തി. തീര ദേശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഈ പ്രദേശത്ത് യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടില്ല എന്നാണു ചട്ടം. അതീവ പ്രാധാന്യമുള്ള എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കാനാവും. എന്നാല്‍ ഇത്തരം നടപടി ക്രമങ്ങളൊന്നും തീം പാര്‍ക്കിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന് സംഘം കണ്ടെത്തി.
പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ് മാന്‍ഗ്രോവ്സ് തീം പാര്‍ക്ക് ആരംഭിച്ചത്. പുഴയോരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രാരംഭ ഘട്ടം മുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണമാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് സൊസൈറ്റി വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി വ്യാപകമായി കണ്ടല്‍ ചെടികള്‍ ഇവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു കണ്ടല്‍ സംരക്ഷണ പഠന കേന്ദ്രമാക്കി ഈ പാര്‍ക്കിനെ ഉയര്‍ത്തി കൊണ്ട് വരികയാണ് തങ്ങളുടെ ലക്‌ഷ്യം എന്നും സൊസൈറ്റി പറയുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പരിസ്ഥിതി