കോലഞ്ചേരി: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കോലഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ദേവാലയത്തിന്റേയും കോട്ടൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയുടെയും ഉള്ളില്‍ പ്രവേശിക്കുന്നതിനും 250 മീറ്ററിനുള്ളിലുള്ള പ്രദേശത്ത് കൂട്ടം കൂടുന്നതിനും വിലക്കിക്കൊണ്ട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലു ദിവസത്തേക്കാണ് നിരോധനം. സഭാതര്‍ക്കം കോടതിയുടെ പരിഗണനയിലാണിരിക്കുന്നത്. 1934-ലെ ഭരണഘടനപ്രകാരം കോലഞ്ചേരി പള്ളിയുടെ ഭരണം നടത്തേണ്ടതാണെന്ന ജില്ലാകോടതി ഉത്തരവുണ്ട്. ഇതേ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മറുവിഭാഗം ഇതിനെതിരെ സംഘടിക്കുകയുമായിരുന്നു. പള്ളിയില്‍ ആരാധന നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ശ്രേഷ്ഠ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ഉപവസവും നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഞായറാഴ്ച പ്രാര്‍ഥന നടത്തുന്നതില്‍ നിന്നും ജില്ലാകളക്ടര്‍ ഇരു വിഭാഗത്തേയും വിലക്കി.
ഞായറാഴ്ച രാവിലെ യാക്കോബായ സഭാംഗങ്ങളും ഓര്‍ത്തഡോക്സ് വിഭാഗക്കാരും പള്ളിയില്‍ പ്രാര്‍ഥിക്കുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു കൊണ്ട് വൈദികരുടെ നേതൃത്വത്തില്‍ സംഘടിച്ചു. ഇതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥയായി. പള്ളിയിലേക്ക് പ്രവേശിക്കുവാനുള്ള ശ്രമത്തെ പോലീസ് തടഞ്ഞു. ആരാധനാലയത്തിന്റെ അകത്തുണ്ടായിരുന്നവരെ പള്ളിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അമ്പതിലധികം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പള്ളി തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നും എന്നിട്ടും ആരാധനാ സ്വാതന്ത്ര്യം തടയുന്നത് നീതിയല്ലെന്നും കാത്തോലിക്കാ ബാവ വ്യക്തമാക്കി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, മതം, വിവാദം