തിരുവനന്തപുരം: തിരുവനന്തപുരം പാര്‍വ്വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞ് ഇന്നലെ മൂന്നു കുരുന്നുകള്‍ മരിച്ചു. കഴക്കൂട്ടത്തെ ജ്യോതി നിലയം സ്കൂളിലെ വിദ്യാര്‍ഥികളാണ് കഠിനം കുളം ചാന്നാങ്കര പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ പെട്ടത്. കനിഹ സന്തോഷ്, ആരോമല്‍, അശ്വിന്‍ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ടവരില്‍ നാലു കുട്ടികളുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ട കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം നേതൃത്വം നല്‍കിയത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സി.ആര്‍.പി.എഫും നേവിയും എത്തി രക്ഷാപ്രവര്‍ത്തനം എറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
റോഡില്‍ ഒരു നായ വാഹനത്തിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് പെട്ടെന്ന് നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് വാന്‍ മറിഞ്ഞതെന്നാണ് പ്രാഥമിക വിവരങ്ങള്‍. റോഡില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞ വാന്‍ ഒരു പഴയ കെട്ടുവള്ളത്തിനു മുകളിലേക്കാണ് വീണതിനാല്‍ പെട്ടെന്ന് വാഹനം പുഴയില്‍ മുങ്ങിയില്ല. ഇതു മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു. എഴുമാസങ്ങള്‍ക്ക് മുമ്പ് പാര്‍വ്വതി പുത്തനാറിലേക്ക് കരിക്കകത്ത് വച്ച് സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാന്‍ മറിഞ്ഞ് ആറു കുട്ടികളും ആയയും കൊല്ലപ്പെട്ടിരുന്നു. ആ അപകടത്തില്‍ പെട്ട ചില കുട്ടികള്‍ ഇപ്പോളും ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടി കൂടി ഇന്ന് രാവിലെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കൃഷ്ണപ്രിയ ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം നാലായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ചരമം, ദുരന്തം