കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണൻ (72) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ മംഗലാപുരം കെ. എം. സി. ആശുപത്രിയിലായിരുന്നു അന്ത്യം. 1991-95 കാലഘട്ടത്തിലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതില്‍ പ്രധാന പങ്കു വഹിച്ച ആളാണ് എൻ. രാമകൃഷ്ണൻ. 18 വര്‍ഷം കണ്ണൂര്‍ ഡി. സി. സി. പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സേവാദള്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്‌ഥാനവും കെ. പി. സി. സി. എക്‌സിക്യൂട്ടീവ് അംഗത്വവും വഹിക്കുന്നുണ്ടായിരുന്നു. എടക്കാട്, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു നിയമസഭയിൽ എത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ഹാന്‍വീവ് ചെയര്‍മാൻ, കേന്ദ്ര സര്‍ക്കാരിന്റെ എസ്. എസ്. ഐ. ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസ് റിബലായി കെ. സുധാകരന് എതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഇദ്ദേഹത്തെ വീണ്ടും കോണ്‍ഗ്രസിൽ തിരിച്ചെടുക്കുകയായിരുന്നു. 1941 മാര്‍ച്ച് 13ന് അഞ്ചരക്കണ്ടി മാമ്പയില്‍ കോമത്ത് രാഘവന്റെയും നാവത്ത് നാരായണിയുടെയും നാലു മക്കളില്‍ മൂത്ത മകനായി ജനിച്ചു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറും വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ വിജയലക്ഷ്‌മി (കര്‍ണാടക സര്‍ക്കാര്‍ റിട്ട. സോഷ്യല്‍ വെല്‍ഫെയര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍) യാണു ഭാര്യ. മക്കള്‍: നിരന്‍ ദാസ് (ഗള്‍ഫ്), അപര്‍ണ, അമൃത. മരുമക്കള്‍: അനില്‍ (ബിസിനസ്), മഹേഷ് (ബിസിനസ്). സഹോദരങ്ങള്‍: പരേതനായ സഹദേവൻ, പ്രേമൻ, സാവിത്രി.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം