തിരുവനന്തപുരം: വിളപ്പില്‍ ശാലയിലെ സമരക്കാരുമായി ചര്‍ച്ചയ്ക്കെത്തിയ കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടു. താനും വി. എം. സുധീരനും മന്ത്രി മഞ്ഞളാകുഴി അലിയുമായി ചര്‍ച്ച നടത്തിയെന്നും വിളപ്പില്‍ ശാലയിലേക്ക് ഇനിയും മാലിന്യ വണ്ടികള്‍ പ്രവേശിക്കില്ലെന്നും മലിന ജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്നും സുഗതകുമാരി സമരക്കാരെ അറിയിച്ചെങ്കിലും മന്ത്രി നേരിട്ടോ രേഖാമൂലമോ അറിയിച്ചാൽ മാത്രമേ സമരത്തില്‍ നിന്നും പിന്‍വാങ്ങൂ എന്ന് സമരക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയില്‍ വിളപ്പില്‍ ശാലയില്‍ ലീച്ച് ലീച്ചേറ്റ് ട്രീറ്റ്മെന്റ് ഉപകരണങ്ങള്‍ വന്‍ പോലീസ് അകമ്പടിയോടെ എത്തിച്ച പശ്ചാത്തലത്തില്‍ ഇനിയും സര്‍ക്കാരിന്റെ വാക്ക് വിശ്വസിക്കുക പ്രയാസമാണെന്ന് സമരക്കാര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ മന്ത്രിക്കും എം. എല്‍. എ. യ്ക്കും ഇവിടെ വന്ന് ഇക്കാര്യങ്ങള്‍ നേരിട്ടു പറയുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സുഗതകുമാരി അറിയിച്ചു. സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചാല്‍ താനും വി. എം. സുധീരനും ഇവിടെ വന്ന് സമരത്തില്‍ പങ്കാളികളാകും എന്ന് സുഗതകുമാരി പറഞ്ഞെങ്കിലും സമരക്കാര്‍ അവരുടെ ഒത്തു തീര്‍പ്പ് വാഗ്ദാനം തള്ളുകയായിരുന്നു.
സര്‍ക്കാരില്‍ നിന്നും രേഖാമൂലം ഉറപ്പു ലഭിക്കാതെ താന്‍ നിരാഹാരം നിര്‍ത്തില്ലെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന കുമാരി വ്യക്തമാക്കി. രണ്ടു ദിവസമായി നിരാഹാര സമരം നടത്തുന്ന ശോഭന കുമാരിയുടെ ആരോഗ്യ നില വഷളായി ക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വിളപ്പില്‍ ശാലയില്‍ ഹര്‍ത്താല്‍ നടന്നു വരികയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, പരിസ്ഥിതി, പോലീസ്, പ്രതിരോധം, സ്ത്രീ