തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇടതു പക്ഷത്തിനും പാര്‍ട്ടിക്കും കനത്ത തോല്‍വി യാണുണ്ടായതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുന്‍പൊരിക്കലും ഇത്തരം പരാജയം പാര്‍ട്ടിക്ക് ഏറ്റു വാങ്ങേണ്ടി വന്നിട്ടില്ലെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. 978 ഗ്രാമ പഞ്ചായത്തുകളില്‍ 359-ല്‍ മാത്രമാണ് ഇടതു പക്ഷത്തിനു ജയിക്കുവാനായത്. 150 ബ്ലോക്കുകളില്‍ 59 എണ്ണത്തിലേ വിജയിക്കുവാന്‍ ആയുള്ളൂ. ചിലയിടങ്ങളില്‍ റിബലുകള്‍ മത്സരിച്ചത് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും വിജയന്‍ പറഞ്ഞു.
ജാതി മത ശക്തികളുടെ ഇടപെടല്‍ നേരിയ തോതില്‍ ദോഷം ചെയ്തതായും, ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതും പരാജയത്തിനു കാരണമായെന്നും പറഞ്ഞ വിജയന്‍ ചില മാധ്യമങ്ങള്‍ യു. ഡി. എഫ്. പണവും മദ്യവും കൊടുത്ത് വോട്ടു പിടിച്ചുവെന്നും ആരോപിച്ചു. ചില മാധ്യമങ്ങളും എല്‍. ഡി. എഫിനെതിരായ പ്രചരണങ്ങള്‍ വ്യാപകമായി നടത്തിയെന്നും അവ യു. ഡി. എഫിന്റെ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി നടത്തുന്ന സ്ക്വാഡ് പ്രവര്‍ത്തനങ്ങളേക്കാള്‍ വളരെ ഭംഗിയായി പ്രവര്‍ത്തിച്ചതായും വിജയന്‍ പറഞ്ഞു.
മഞ്ഞളാം കുഴി അലിയെ മഹാമേരുവായി കാണുന്നില്ലെന്നും കീടമെന്ന് വിളിച്ചതില്‍ ഖേദമില്ലെന്നും തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പഠിച്ച് പരിഹാരം കാണുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വിജയിക്കുവാന്‍ ആകുമെന്നാണ് കരുതുന്നതെന്നും വിജയന്‍ പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം