കൊച്ചി: ഒമ്പത് പേര്‍ കൊല ചെയ്യപ്പെട്ട രണ്ടാം മാറാട് കലാപക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. കീഴ്ക്കോടതി വെറുതെ വിട്ട 76 പേരില്‍ 24 പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ്റ്റ് പി. ഭവദാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തവിട്ടത്. ജീവപര്യന്തം ശിക്ഷ 30 വര്‍ഷമാക്കണമെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട 14 പ്രതികള്‍ ഒന്നിലധികം കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണത്തില്‍ പ്രതികളാണെന്ന് കണ്ടെത്തിയ 63 പേര്‍ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2008 ഡിസംബറില്‍ വന്ന ഈ വിധിക്കെതിരെ ആണ് പിന്നീട് പ്രതികളും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.
2003 മെയ് 2നു മാറാട് കടപ്പുറത്ത് ഒരു വിഭാഗം ആളുകള്‍ മാരകായുധങ്ങളുമായി സംഘം ചേർന്ന് എത്തി മറു വിഭാഗത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാളുകളോളം മാറാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, കോടതി, ക്രമസമാധാനം, പോലീസ്