കേരള രാഷ്ടീയത്തിലെ “നമ്പറുകളുടെ” ആശാനായിരുന്നു നമ്പാടന്‍ മാഷ്. നാക്കിന്‍ തുമ്പില്‍ സദാ വിളയാടിയിരുന്ന നര്‍മ്മത്തിന്റെ മേമ്പൊടിയോടെ നമ്പാടന്‍ നടത്തുന്ന പ്രസംഗങ്ങള്‍ കുറിക്കു കൊള്ളുന്നവ തന്നെയായിരുന്നു. സുഹൃത്തുക്കളും രാഷ്ടീയ എതിരാളികളുമെല്ലാം നമ്പാടിന്റെ കഥകളില്‍ എത്തി. സ്വകാര്യ സദസ്സുകള്‍മുതല്‍ നിയമസഭയില്‍ വരെ നമ്പാടന്റെ നമ്പറുകള്‍ ചിരിപടര്‍ത്തി. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളാല്‍ നിയമസഭ പ്രക്ഷുബ്ദമാക്കുമ്പോള്‍ നമ്പാടന്റെ നമ്പറുകള്‍ കേട്ട് ആവോളം ചിരിച്ച സന്ദര്‍ഭങ്ങളും ഉണ്ട്. എ.കെ.ആന്റണി ഭരിക്കുമ്പോള്‍ ക വെച്ചുള്ള വ്യവസായങ്ങള്‍ക്ക് കഷ്ടകാലമാണെന്ന് പറഞ്ഞ് കല്ലൊരയേയും, കയറിനേയും, കള്ളിനേയുമെല്ലാം പറഞ്ഞ കൂട്ടത്തില്‍ കെ.കരുണാകരന്റെ പേരും പറഞ്ഞപ്പോള്‍ കേട്ടിരുന്നവര്‍ ചിരിച്ചു പോയി. ചിരിക്കൊപ്പം ഗ്രൂപ്പ് പോരില്‍ പരാജിതനായി നില്‍ക്കുന്ന കരുണാകരന്റെ അന്നത്തെ അവസ്ഥയേയും കൊണ്ടു വരുവാന്‍ നമ്പാടനുള്ള കഴിവിനെ പ്രശംസിച്ചവര്‍ നിരവധി. കറണ്ടില്ലാത്തതിനെ പറ്റിയും നമ്പാടന്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച് കയ്യടി വാങ്ങിയിട്ടുണ്ട്. മഴയുള്ള ഒരു ദിവസം പവര്‍ക്കട്ട് നേരത്ത് കോണ്‍ഗ്രസ്സിലെ ഒരു പ്രമുഖ നേതാവും മന്ത്രിയുമായ വ്യക്തി നിയമ സഭാമന്ദിരത്തിന്റെ സമീപത്തുക്കൂടെ റെയിന്‍ കോട്ടിട്ട് കുലുങ്ങി കുലുങ്ങി നടന്നു വരിയായിരുന്നുത്രെ. അപ്പോല്‍ അതുവഴി പോയ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മന്ത്രിക്ക് ഒരു പെറ്റികൊടുത്തു.
അര്‍ദ്ധരാത്രി ഹെഡ് ലൈറ്റിടാതെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിനായിരുന്നുത്രേ ചര്‍ജ്ജ്!!
പവര്‍ കട്ടിനേയും മന്ത്രിയുടെ തടിയേയും ഒപ്പം പോലീസുകാരുടെ പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്യലിനേയും എല്ലാം ഒറ്റ കഥയില്‍ നമ്പാടന്‍ ശ്രദ്ധയില്‍ പെടുത്തി.
കേരള രാഷ്ടീയത്തിലെ ഭീഷ്മാചാര്യന്‍ എന്ന് അറിയപ്പെട്ടിരുന്ന കെ.കരുണാകന്‍ മന്ത്രിസഭയെ മറിച്ചിടുവാനും നര്‍മ്മത്തിന്റെ തമ്പുരാനു മടിയില്ലായിരുന്നു 1982-ല്‍ നമ്പാടന്റെ ആ പൊടികൈപ്രയോഗത്തില്‍ കെ.കരുണാകരനു അടിതെറ്റി. ഒരു പക്ഷെ കരുണാകരന്‍ എന്ന കരുത്തന്റെ രാഷ്ടീയ കളത്തിലെ പതനങ്ങളുടെ തുടക്കവും അതാകാം. ഇതു കൊണ്ട് ഒക്കെ തന്നെയാകാം പി.പി.തങ്കച്ചന്‍ നാലു “ന” കളെ സൂക്ഷിക്കണമെന്ന് പറഞ്ഞത്. നമ്പൂതിരി, നായനാര്‍, നമ്പാടന്‍, നവാബ്. നാലു “ന” കളും കേരളത്തിന്റെ രാഷ്ടീയ ചരിത്രത്തിലെ അനശ്വര നക്ഷത്രങ്ങളായി നിലകൊള്ളുന്നു.
നമ്പാടന്റെ നമ്പറുകള്‍ എന്ന പേരില്‍ ഡി.സി.ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്പറുകള്‍ ബാക്കിയാക്കി നമ്പാടന്‍ മാഷ് യാത്രയാകുമ്പോള്‍ നഷ്ടമാകുന്നത് നായനാരും സീതിഹായിയും ബാക്കിവെച്ച് പോയ കേരള രാഷ്ടീയത്തിലെ നര്‍മ്മത്തിന്റെ തീനാളമാണ്. ചിന്തയുടേയും ചിരിയുടേയും അടയാളങ്ങളായി നമ്പാടന്‍ മാഷുടെ നമ്പറുകള്‍ മലയാളി മനസ്സില്‍ എന്നെന്നും നിലനില്‍ക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍