കൊച്ചി: കാശ്മീരിലേക്ക് യുവാക്കളെ ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. ഐ.എന്‍.എ പ്രത്യേക കോടതിയില്‍ ജഡ്ജിയായ എസ്.വിജയകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. 18 പ്രതികളില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം, അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വെക്കല്‍ തുടങ്ങി വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. അബ്ദുള്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ പ്രതികളായ പാക്കിസ്ഥാന്‍ പൌരന്‍ വാലി, മുഹമ്മദ് സബിര്‍ എന്നിവരെ ഇനിയും കണ്ടെത്തുവാനായിട്ടില്ല. ഈ കേസില്‍കുറ്റക്കാരാണെന്ന് കണ്ടെത്തിയ തടിയന്റവിട നസീര്‍, സര്‍ഫാസ് നവാസ് എന്നിവര്‍ ബാംഗ്ലൂര്‍ സ്ഫോടനക്കെസിലും പ്രതികളാണ്.
പ്രതികള്‍ക്ക് ലഷ്കര്‍ ഈ തൊയിബ്ബയെന്ന സംഘടനയുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിച്ചതായും ഐ.എന്‍.എ കോടതിയില്‍ പറഞ്ഞിരുന്നു. 180-ല്‍ പരം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളായ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തൈക്കണ്ടി ഫയാസ്, തായത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുള്‍ റഹീം, വെണ്ണല മുഹമ്മദ് യാസിന്‍ തുടങ്ങിയവവരാണവര്‍. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ഉള്ള ചിലര്‍ കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുവാന്‍ രഹസ്യ യോഗം ചെര്‍ന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഐ.എന്‍.എ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. 2012-ല്‍ ആണ് കേസില്‍ വിചാരണ ആരംഭിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കോടതി, തീവ്രവാദം, പോലീസ്, മതം