കൊച്ചി: പാനായിക്കുളത്ത് 2006-ലെ സ്വാതന്ത്യ ദിനത്തില്‍ നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് (സിമി)ന്റെ രഹസ്യ യോഗം നടത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് എന്‍. ഐ. എ. കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഈരാറ്റു പേട്ട നടയ്ക്കല്‍ പീടിയേല്‍ വീട്ടില്‍ പി. എ. ഷാദുലി, രണ്ടാം പ്രതി നടയ്ക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുള്‍ റാസിഖ് എന്നിവര്‍ക്ക് പതിനാലു വര്‍ഷം തടവും 60000 രൂപ പിഴയും വിധിച്ചു.
മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തലേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്നിവര്‍ക്ക് പന്ത്രണ്ടു വര്‍ഷവുമാണ് ശിക്ഷ. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കം ഉള്ള കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായിരുന്ന പതിനൊന്നു പേരെ വെറുതെ വിട്ടു. പതിമൂന്നാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളുടെ വിചാരണ ജുവനില്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
രഹസ്യ വിവരത്തെ തുടര്‍ന്ന് ബിനാനിപുരം എസ്. ഐ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ യോഗ സ്ഥലത്തു നിന്നും ദേശ വിരുദ്ധ ലഘു ലേഖകളും പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. കേസിലെ ഒന്നും നാലും അഞ്ചും പ്രതികള്‍ക്കെതിരെ യു. എ. പി. എ., ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശി റഷീധ് മൌലവിയെ മാപ്പു സാക്ഷിയാക്കിയതിന്റെ പേരില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ഒന്നാം പ്രതി പി. എ. ഷാദുലില്യും അബ്ദുള്‍ റാസിഖും 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തീവ്രവാദം, മതം, വിവാദം