പാവറട്ടി: പാവറട്ടിയ്ക്കടുത്ത് ചുക്കുബസാറില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തിരുനെല്ലൂര്‍ മതിലകത്ത് പരേതനായ ഖാദറിന്റെ മകന്‍ ഷിഹാബുദ്ദീന്‍(41) ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. ചുക്കുബസാര്‍ പൂവത്തൂര്‍ റോഡില്‍ വച്ച് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കാറിലെത്തിയ സംഘം ബൈക്കില്‍ സുഹൃത്ത് ബൈജുവുമൊത്ത് യാത്ര ചെയ്യുകയായിരുന്ന ഷിഹാബുദ്ദീനെ ആക്രമിക്കുകയായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 10.15 നു മരിക്കുകയായിരുന്നു.
സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗമായ ഷിഹാബുദ്ദീന്‍ കൊലപാതകം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്ക് വധ ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു.
2006 ജനുവരി 20 നു നടന്ന സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്‌മാന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ പ്രതിയായിരുന്ന ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന അറയ്ക്കല്‍ വിനോദിനെ (വിനു) 2008 നവമ്പര്‍ 18 ന് പാടൂരില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയകേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീന്‍. മുബീനയാണ് ഭാര്യ. മക്കള്‍:ഷിയാന്‍, ഫാത്തിമ.
ഷിഹാബുദ്ദീന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.