നിലമ്പൂര്‍: ആദിവാസികള്‍ക്കിടയില്‍ ആതുര സേവനം നടത്തി ശ്രദ്ധേയനായ ഡോ. ഷാനവാസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രിയില്‍ കോഴിക്കോട്ടു നിന്നും മലപ്പുറത്തെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഉടനെ അദ്ദേഹത്തെ എടവണ്ണയിലെ രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. നിലമ്പൂര്‍ വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയുടേയും കെ. ജമീലയുടേയും മകനാണ് ഡോ. ഷാനവാസ്. അവിവാഹിതനാണ്. ഡോ. ഷമീല, ഡോ. ഷിനാസ് ബാബു എന്നിവര്‍ സഹോദരങ്ങളാണ്.
പട്ടിണിയും രോഗങ്ങളും പിടി മുറുക്കിയ ആദിവാസി ഊരുകളില്‍ മരുന്നും ഭക്ഷണവും എത്തിച്ച് ഷാനവാസ് സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. സൌമ്യവും മാനുഷ്യത്വപരവുമായ പെരുമാറ്റം അദ്ദേഹത്തെ പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറ്റി. ഫേസ്ബുക്കില്‍ ആദിത്യന്‍ എന്ന പേരില്‍ ശ്രദ്ധേയനായിരുന്നു. ആദിവാസികള്‍ക്കു വേണ്ടി ശബ്ദിച്ചതോടെ അധികൃതരുടെ കണ്ണിലെ കരടായി മാറി. ഇടയ്ക്കിടെ ഉള്ള സ്ഥലം മാറ്റങ്ങള്‍ക്കും മറ്റു തരത്തിലുള്ള മാനസിക പീഢനങ്ങള്‍ക്കും വിധേയനായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. “ഹൈക്കോടതിയില്‍ ഞാന്‍ എല്ലാ സത്യവും തുറന്നു പറയും” എന്ന പോസ്റ്റ് ആരുടെയൊക്കെയോ കൊള്ളരുതായ്മകള്‍ വെളിപ്പെടുത്തും എന്നതിന്റെ സൂചനയായിരുന്നു. “ഹേ അധികാരികളേ നിങ്ങളുടെ നിരന്തരമായ മാന്‍സിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും” എന്ന പോസ്റ്റിട്ട് രണ്ടാം ദിനമാണ് അദ്ദേഹം യാത്രയായത്.
സോഷ്യല്‍ മീഡിയായിലും നേരിട്ടും നിലക്കാത്ത അനുശോചന പ്രവാഹം തുടരുകയാണ്. നിരന്തരമായ ചൂഷണത്തിനും അവഗണനയ്ക്കും വിധേയരായി ക്കൊണ്ടിരിക്കുന്ന ആദിവാസികള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറെ മാത്രമല്ല തങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന വലിയ ഒരു മനുഷ്യനെ കൂടെയാണ് നഷ്ടപ്പെട്ടത്.