കട്ടപ്പന: ശബരിമല വനത്തില്‍ നിന്നും നാട്ടിലിറങ്ങിയ കാട്ടാന തേയിലത്തോട്ടത്തില്‍ പ്രസവിച്ചു. ഗ്രാമ്പി ഏഴാം മൈലിലെ തേയിലത്തോട്ടത്തില്‍ എത്തിയ കാട്ടാനക്കൂട്ടത്തിലെ പിടിയാന അസ്വസ്ഥത പ്രകടിപ്പിക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എസ്റ്റേറ്റ് വാച്ചര്‍മാര്‍ ഇക്കാര്യം വനം വകുപ്പ് അധികൃതരെ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പിടിയാന പ്രസവിക്കുകയായിരുന്നു. ഈ സമയം ആന ഉറക്കെ കരയുന്നത് കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു. ജനവാസ കേന്ദ്രത്തിനു സമീപത്ത് ആന പ്രസവിച്ചത് പ്രദേശത്തെ ആളുകള്‍ക്ക് അസൌകര്യം സൃഷ്ടിച്ചു. മനുഷ്യര്‍ കുട്ടിയെ ഉപദ്രവിക്കും എന്ന് ഭയന്ന് കാട്ടാനക്കൂട്ടം അമ്മയ്ക്കും കുഞ്ഞിനും കാവലൊരുക്കി നില്‍ക്കുവാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ആനകളെ കാട്ടിലേക്ക് ഓടിച്ചുവിടുവാന്‍ ശ്രമിച്ചു.
ഒച്ചയിട്ടും പാട്ടകൊട്ടിയും ഏറെ നേരം പരിശ്രമിച്ചിട്ടാണ് തള്ളയാനയേയും കുഞ്ഞിനേയും ഉള്‍പ്പെടെ ആനക്കൂട്ടത്തെ വനാതിര്‍ത്തിയിലേക്ക് എത്തിക്കുവാന്‍ ആയത്. അപൂര്‍വ്വമായാണ് ആനകള്‍ ജനവാസ പ്രദേശങ്ങളില്‍ പ്രസവിക്കുക. സ്വകാര്യത ഇഷ്ടപ്പെടുന്നതിനാലും കുട്ടികളുടെ സുരക്ഷയെ കരുതിയും ഉള്‍ക്കാടുകളിലാണ് ആനപ്രസവങ്ങള്‍ നടക്കുക.