താനൂർ: താനൂരിലെ മുക്കോല അങ്ങാടിക്ക് സമീപം അമിത വേഗതതയില്‍ വന്ന എ. ടി. എ. എന്ന സ്വകാര്യ ബസ്സ് ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര് മരിച്ചു. ഒരു വിവാഹ വിരുന്നില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവര്‍ കൊടക്കാട് കളാരം കുണ്ടില്‍ കബീര്‍ (26), കബീറിന്റെ സഹോദരന് അയൂബിന്റെ ഭാര്യ സഹീറ (22), മക്കളായ തബ്ഷിറ (4), തബ്ഷീര്‍ (7), അന്‍സാര്‍ (1), മറ്റൊരു സഹോദരന് ഉമ്മറിന്റെ ഭാര്യ ആരിഫ (27), മകള്‍ ഫാത്തിമ(7) അടുത്ത ബന്ധുവായ അര്‍ഷക്ക് (21) എന്നിവരാണ് മരിച്ചത്.
രോഷാകുലരായ നാട്ടുകാര്‍ ബസ്സ് കത്തിച്ചു. പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മന്ത്രിമാരും എം. എൽ. എ. മാരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേര് അനുശോചനം രേഖപ്പെടുത്തുവാന്‍ എത്തിയിരുന്നു.
ബസ്സ് ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കുകയും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്ങ് പറഞ്ഞു.