കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി ബന്ധപ്പെടുത്തി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തനിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതായി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് നികേഷ് കുമാറിന്റെ തുറന്ന കത്ത്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ സരിത എസ്. നായര്‍ നികേഷ് കുമാറിനെ ഫോണില്‍ വിളിച്ചിരുന്നു എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ദുസ്സൂചനകളാണ് തന്നെ കൊണ്ട് ഇങ്ങനെ ഒരു കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് തുടങ്ങുന്ന കത്തില്‍ “ഒരു ദിവസം മുഴുവന്‍ സരിത എന്നെ വിളിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ നികേഷിനേയും സരിത വിളിച്ചിരുന്നു, മൂന്നോ നാലോ തവണ നികേഷിനെ സരിത വിളിച്ചിരുന്നു, നികേഷിനോട് ഞാനിത് വിളിച്ചു പറയുകയും ചെയ്തിരുന്നു” എന്ന് തൃശ്ശൂരില്‍ വച്ചും, “റിപ്പോര്‍ട്ടര്‍ ചാനലിന്റെ നികേഷ് കുമാറിനേയും സരിത വിളിച്ചിട്ടുണ്ട്” എന്ന് മലപ്പുറത്ത് വച്ചും ആണ് ആഭ്യന്തര മന്ത്രി പറഞ്ഞതായി പരാമര്‍ശിക്കുന്നത്.
എന്നാല്‍ തനിക്ക് ലഭിച്ച ഓണാശംസകള്‍ക്ക് മറുപടിയായി ബള്‍ക്ക് എസ്. എം. എസ്. അയക്കുക മാത്രമാണ് ചെയ്തതെന്ന് നികേഷ് കുമാര്‍ കത്തില്‍ വ്യക്തമാക്കുന്നു. ഇതിനെയാണ് ബോധപൂര്‍വ്വം തെറ്റിദ്ധാരണ സൃഷ്ടിക്കുവാന്‍ തിരുവഞ്ചൂര്‍ ഉപയോഗിച്ചതെന്നും, അപ്രിയമായ വാര്‍ത്തകള്‍ കൊടുത്താല്‍ സ്വഭാവഹത്യ നടത്തി പ്രതികാരം വീട്ടുമെന്നാണോ മനസ്സിലാക്കേണ്ട പാഠമെന്നും നികേഷ് ചോദിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ സരിതയെ ടെലിഫോണില്‍ വിളിച്ചതിന്റെ വിശദാംശങ്ങളും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സരിത ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടര്‍ പുറത്ത് കൊണ്ടു വന്നിരുന്നു എന്നും, സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി തന്നെയാണ് റിപ്പോര്‍ട്ടര്‍ കണ്ടത് എന്നും 20 വര്‍ഷത്തെ തന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ പൊതു സമൂഹത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളില്‍ താന്‍ സ്വീകരിച്ച മാധ്യമ നിലപാട് ഇതു തന്നെ ആയിരുന്നു എന്നും നികേഷ് വ്യക്തമാക്കുന്നു. നിയമസഭയില്‍ അര നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തന പരിചയം ഉള്ള അങ്ങയുടെ മന്ത്രിസഭയില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം പ്രതീക്ഷിച്ചതല്ലെന്നും ഇതൊരു ഭീഷണിയാണെങ്കില്‍ അതിനു വഴങ്ങുന്ന മാധ്യമ പ്രവര്‍ത്തന ശൈലിയല്ല തന്റേയും റിപ്പോര്‍ട്ടറിന്റേതുമെന്നും നികേഷ് കുമാര്‍ പറയുന്നു.