തൃശ്ശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആന മദപ്പാടിന്റെ ലക്ഷണങ്ങളോടെ ആണ് ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് എന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം അധികൃതര്‍ eപത്രത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ ആഘോഷത്തിനിടയില്‍ തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം വക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയും മറ്റ് ആനകളും ഇടഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഊഹോപോഹങ്ങളുടേയും തെറ്റായ നിഗമനങ്ങളുടേയും അടിസ്ഥാനത്തില്‍ രാമചന്ദ്രന്‍ മദപ്പാടില്‍ ആയിരുന്നു എന്നും അത് വക വെയ്ക്കാതെ ഉത്സവത്തിനു എഴുന്നള്ളിച്ചതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഇതു സംബന്ധിച്ച് ഒരു പ്രമുഖ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ രാമചന്ദ്രന്റെ മദപ്പാട് സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആരോപിക്കുകയുമുണ്ടായി. 5 മാസത്തെ മദപ്പാടുകാലം കഴിഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തുകയും, അധികൃതരില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രന്‍ 2013-ലെ സീസണിലെ ഉത്സവങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ ആരംഭിച്ചത്. ഇതിനോടകം നിരവധി ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഉത്സവങ്ങളില്‍ ഒരിടത്തു പോലും അവന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ പാപ്പാന്മാരെ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.
കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വലിയ ആരാധക വൃന്ദമാണ് എങ്ങുമുള്ളത്. അതിന്റെ സാക്ഷ്യമാണ് അവനു ലഭിക്കുന്ന സ്വീകരണങ്ങളും അംഗീകാരങ്ങളും. ദേവസ്വത്തിന്റെ ആനകള്‍ തിടമ്പേറ്റുന്ന ഉത്സവങ്ങള്‍ ഒഴിവാക്കിയാല്‍ പങ്കെടുക്കുന്ന എല്ലാ ഉത്സവങ്ങളിലും ഇവനാണ് തിടമ്പേറ്റാറുള്ളത്. 1984-ല്‍ തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തില്‍ നടയിരുത്തിയ അന്നു മുതല്‍ ആവശ്യമായ സുഖചികിത്സകളും വിശ്രമവും ഭക്ഷണവും വെള്ളവും നല്‍കി വളരെ ശ്രദ്ധാപൂര്‍വ്വമാണ് തെച്ചിക്കോട്ട് കാവ് ദേവസ്വം ആനയെ പരിചരിച്ചു വരുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം ചട്ടക്കാരനായ പാലക്കാട് സ്വദേശി മണി തന്നെയാണ് ഈ സീസണിലും ആനയെ കൈകാര്യം ചെയ്യുന്നത്. മണിയേ കൂടാതെ മറ്റു മൂന്ന് പേര്‍ കൂടെ ആനയെ പരിചരിക്കുവാന്‍ ഉണ്ട്. ഇതു കൂടാതെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നിടത്തെല്ലാം തെച്ചിക്കോട്ട് കാവ് ദേവസ്വത്തില്‍ നിന്നും ഉത്തരവാദിത്വപ്പെട്ട ഭാരവാഹികള്‍ എത്താറുമുണ്ട്.
ഇന്നലെ പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് തിടമ്പേറ്റിയിരുന്നത്. പകല്‍ പൂരം സമാപിക്കുന്ന സമയത്ത് ക്ഷേത്ര ഗോപുരം കടക്കുമ്പോള്‍ ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ രാമചന്ദ്രന്റെ പുറത്തു നിന്നും തിടമ്പ് മറ്റൊരു ചെറിയ ആനയുടെ പുറത്തേക്ക് മാറ്റുകയും തുടന്ന് ഗോപുരം കടക്കുകയുമായിരുന്നു. ഈ സമയത്ത് കൂട്ടാനയുടെ കൊമ്പ് രാമചന്ദ്രന്റെ മുഖത്ത് അടിക്കുകയും ഒപ്പം കാണികളില്‍ ഒരാള്‍ രാമചന്ദ്രന്റെ കൊമ്പില്‍ പിടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പരിഭ്രാന്തനായ രാമചന്ദ്രന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും മുന്നോട്ട് ഓടുകയും ചെയ്തു. ഈ സമയത്താണ് തൊട്ടടുത്തുണ്ടായിരുന്ന ചില സ്ത്രീകള്‍ക്ക് ആനയുടെ ചവിട്ടേറ്റത്. തുടർന്ന് ഒരു സ്ത്രീയെ ആന തുമ്പി കൊണ്ട് ഒരു കല്ലിലേക്ക് വലിച്ചെറിഞ്ഞു. അക്രമണത്തിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു.
രാമചന്ദ്രന്റെ ഒപ്പം ഉണ്ടായിരുന്ന മറ്റു ചില ആനകളും ഓടുകയുണ്ടായി. സ്ഥല സൌകര്യം കുറഞ്ഞ ക്ഷേത്രാങ്കണത്തില്‍ സംഭവം നടക്കുമ്പോള്‍ നൂറു കണക്കിന് ആളുകള്‍ ഉണ്ടായിരുന്നു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് പരിഭാന്ത്രരായ ജനം ചിതറിയോടിയതിനെ തുടര്‍ന്ന്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിഭ്രമം വിട്ടൊഴിഞ്ഞ രാമചന്ദ്രനെ ഉടനെ തന്നെ പാപ്പാന്‍ മണിയും, കടുക്കന്‍ എന്ന് അറിയപ്പെടുന്ന പാപ്പാനും സംഘവും തളയ്ക്കുകയും ചെയ്തു.
ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ആളുകള്‍ മരിക്കുന്നതിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇട വന്നതില്‍ തെച്ചിക്കോട്ട്കാവ് ദേവസ്വത്തിനു അത്യന്തം ദു:ഖം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.
എത്രയൊക്കെ പരിശീലനം നൽകിയാലും, എന്തൊക്കെ സ്വഭാവ സർട്ടിഫിക്കറ്റുകൾ ലഭിച്ചാലും, ഇത്തരം വന്യ ജീവികളെ വൻ ജനക്കൂട്ടത്തിന് നടുവിൽ കൂട്ടമായി അണി നിരത്തുന്നത് അപകടം തന്നെയാണ്. ഉൽസവങ്ങളുടേയും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം പ്രവർത്തികൾ കോടതി വിധി പോലും മാനിക്കാതെ ഇന്നും തുടരുന്നത് സുരക്ഷാ ബോധമില്ലാത്ത കേരളത്തിൽ വലിയ പുതുമയൊന്നുമല്ലെങ്കിലും തുടരെ തുടരെ ഉണ്ടാവുന്ന അനിഷ്ട സംഭവങ്ങൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാത്തത് ലജ്ജാകരം തന്നെ.