തൃശ്ശൂര്‍: ആനകളെ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുമ്പോള്‍ അവ വാഹനത്തില്‍ നിന്നും വീണാല്‍ ബന്ധപ്പെട്ട ഡി. എഫ്. ഒ. ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയെടുക്കുമെന്ന് വനം മന്ത്രി ഗണേശ് കുമാര്‍. അപകടം ഉണ്ടായാല്‍ ഡി. എഫ്. ഒ., ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തുടങ്ങിയവരെ ഉടനെ സസ്പെന്റ് ചെയ്യും. ആനയെ കൊണ്ടു വരുന്ന സ്ഥലത്തെ ഉദ്യോഗസ്ഥനെതിരെ ആണ് നടപടി.
ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും എഴുന്നള്ളിപ്പിനു നിര്‍ത്താവുന്ന ആനകളുടെ എണ്ണം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് ആനകളെ ലോറിയില്‍ കയറ്റി കൊണ്ടു പോകുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. ലോറിയില്‍ നിന്നും വീണ് പരിക്കേല്‍ക്കുന്ന ആനകളുടെ എണ്ണം അടുത്തിടെയായി വര്‍ദ്ധിച്ചു വരികയാണ്. കേരളത്തിലെ ഏറ്റവും ഉയരം ഉണ്ടായിരുന്ന ആനകളില്‍ ഒന്നായിരുന്ന പട്ടത്ത് ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി ആനകള്‍ ഇപ്രകാരം ലോറിയില്‍ നിന്നും വീണ് അപകടത്തെ തുടര്‍ന്ന് ചരിഞ്ഞിട്ടുണ്ട്.
ആനകളെ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതിനു മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ദീര്‍ഘ ദൂരം ലോറിയില്‍ സഞ്ചരിക്കുന്നത് ആനകളുടെ മനോ നിലയില്‍ മാറ്റം വരുത്തുകയും ഒപ്പം കണ്ണിന്റേയും ചെവിയുടേയും ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴി വെക്കുകയും ചെയ്യുന്നു.
ഉത്സവപ്പറമ്പുകളില്‍ ആനകളെ തോട്ടി കൊണ്ട് കുത്തുന്ന പാപ്പാന്മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.