തൃശ്ശൂര്‍: ജില്ലയിലെ മദര്‍ ഹോസ്പിറ്റലില്‍ ആരംഭിച്ച സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാകാത്ത പക്ഷം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു. ഡിസംബര്‍ ആദ്യം മുതല്‍ ആണ് സംസ്ഥാന വ്യാപകമായി അനിശ്ചിത കാല സമരം തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മദര്‍ ഹോസ്പിറ്റലിലെ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാറും ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സമിതിയും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. സമരം ചെയ്തതിനെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കില്ല എന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്റ് ഉറച്ചു നില്‍ക്കുകയാണ്. 12, 6, 6 മണിക്കൂര്‍ ഉള്ള ഷെഡ്യൂളില്‍ ജോലി സമയം ആക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം 75 ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പി. രശ്മി എന്ന നേഴ്സ് നടത്തുന്ന നിരാഹാര സമരം എട്ടു ദിവസം പിന്നിട്ടു. രോഗികള്‍ ദുരിതത്തിലാകുന്നു എങ്കിലും നേഴ്സുമാരുടെ സമരത്തിനു അനുദിനം ജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചു വരികയുമാണ്.