കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍. എം. പി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ കുടുംബ സഹായ നിധിയുമായി സഹകരിക്കുകയും ടി. പി. അനുസ്മരണത്തില്‍ പങ്കെടുക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ സി. പി. എം. ആരംഭിച്ച അച്ചടക്ക നടപടി തുടരുന്നു. ടി. പി.യുടെ ഭാര്യ രമയുടെ പിതാവും ബാലുശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായ കെ.കെ.മാധവനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ടി.പി അനുസ്മരണ സമിതിയുമായി സഹകരിച്ചവരെ കണ്ടെത്തി ഉചിതമായ നടപടിയെടുക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാകമ്മറ്റി യോഗം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് കെ.മുഹമ്മദ് സലിം, കെ.പി.ചന്ദ്രന്‍, സാദിഖ് തുടങ്ങിയവരെ പുറത്താക്കുവാന്‍ വിവിധ ഘടകങ്ങള്‍ തീരുമാനിച്ചു. മുന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഉള്ളിയേരി ലോക്കല്‍ കമ്മറ്റി അംഗവുമായ സി.ലാല്‍ കിഷോര്‍ ഉള്‍പ്പെടെ പത്തിലധികം അംഗങ്ങള്‍ക്കെതിരെ നടപടിക്ക് നീക്കവുമുണ്ട്.
ആഗസ്റ്റ് അഞ്ചിന് ടി.പിയുടെ ഒഞ്ചിയത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു ടി.പി അനുസ്മരണവും കുടുംബ സഹായ നിധി കൈമാറിയത്. പത്തൊമ്പത് ലക്ഷത്തോളം രൂപയാണ് കുടുമ്പ സഹായ നിധിയിലേക്ക് ടി. പിയെ സ്നേഹിക്കുന്നവര്‍ നല്‍കിയത്. ടി.പി.വധവുമായി ബന്ധപ്പെട്ട് പ്രതികളാകുകയും തുടര്‍ന്ന് അറസ്റ്റിലാകുകയും ചെയ്ത സി.പി.എം നേതാക്കള്‍ക്ക് നിയമ സഹായം നല്‍കുന്നതിനായി ഒഞ്ചിയം ഫണ്ട് പിരിക്കുമ്പോളാണ് ടി.പിയുടെ കുടുംബസഹായ നിധിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സി.പി.എം നേതാക്കന്മാര്‍ തന്നെ സഹകരിച്ചത്.ടി.പി.ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ പാര്‍ട്ടിക്ക് ഇത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കി.