അന്തിക്കാട്: അന്തിക്കാട് സ്വദേശിയായ സി. പി. എം. പ്രവര്ത്തകന് സുബ്രമണ്യനെ സി. പി. ഐ. ക്കാര് കൊലപ്പെടുത്തിയെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ അദ്ദേഹത്തിന്റെ സഹോദരന് രവി രംഗത്തെത്തി. 1970-ല്‍ കൊല്ലപ്പെട്ട സുബ്രമണ്യന്‍ സി. പി. എം. പ്രവര്ത്തകന് ആയിരുന്നില്ലെന്നും കൊലക്ക് പിന്നില്‍ രാഷ്ടീയ വൈരമാണെന്ന് കരുതുന്നില്ലെന്നുമാണ് രവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംഭവം കുത്തിപ്പൊക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങളുടെ കുടുംബത്തെ സഹായിക്കുവാന്‍ ഇതു വരെ പാര്‍ട്ടി വന്നിട്ടില്ലെന്നും പറഞ്ഞ ചന്ദ്രന് സഹായിച്ചില്ലെങ്കിലും തങ്ങളെ ദ്രോഹിക്കരുത് എന്ന് കൂട്ടിച്ചേർത്തു.
ടി. പി. ചന്ദ്രശേഖരന് വധവും ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സി. പി. എമ്മിനെ സി. പി. ഐ. സഹായിച്ചില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സി. പി. എം. – സി. പി. ഐ. നേതാക്കന്മാരുടെ വാക് പോരിനിടെ സി. പി. എമ്മുകാരനായ സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ആണെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന് ആരോപിച്ചിരുന്നു. എന്നാല്‍ പിണറായി തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും സുബ്രമണ്യന്‍ സി. പി. എമ്മുകാരന് അല്ലെന്നും സി. പി. ഐ. നേതാക്കളായ വി. എസ്. സുനില്‍കുമാര്‍ എം. എല്‍. എ. യും കാനം രാജേന്ദ്രനും വ്യക്തമാക്കി.
സുബ്രമണ്യന്‍ വധക്കേസില്‍ സി. പി. ഐ. പ്രവര്‍ത്തകനായിരുന്ന പണ്ടാരന്‍ ശ്രീധരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.