കുന്നംകുളം: ആഗസ്റ്റ് 11 ,12 (ശനി, ഞായര്‍) തിയ്യതികളില്‍ അക്കിക്കാവിലെ “കല്യ”യില്‍ വെച്ച് വിദ്യാഭ്യാസ സൌഹൃത കൂട്ടായ്മ നടന്നു. രണ്ടു ദിവസം നീണ്ടു നിന്ന കൂട്ടായ്മയില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. ഔപചാരികമായ ചടങ്ങുകള്‍ ഒന്നും തന്നെ ഇല്ലാതെ തികച്ചും സൌഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
അക്കിക്കാവിലെ മോഹന്‍ ചവറയുടെ “കല്യ” വീട്ടുമുറ്റത്ത് പ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തുകൂടി. അട്ടപ്പാടിയില്‍ വേറിട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന “സാരംഗ്” ലെ ഗോപാലകൃഷ്ണന്‍ മാഷും വിജയലക്ഷ്മി ടീച്ചറുമാണ് വിദ്യാഭ്യാസ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. നമ്മള്‍ ഇപ്പോള്‍ പിന്തുടരുന്ന വിദ്യാഭ്യാസ രീതി നിലവാരമുള്ള ഒരു മാനവ സമൂഹത്തെ സൃഷ്ടിക്കുവാൻ ഒരു തരത്തിലും ഉത്തകുകയില്ല എന്ന ഏകാഭിപ്രായം കൂട്ടായ്മയില്‍ ആദ്യ ദിവസത്തെ ചര്‍ച്ചയില്‍ തന്നെ ഉരുത്തിരിഞ്ഞു വന്നു. നിലവിലുള്ള വ്യവസ്ഥിതിയെ ഇല്ലാതാക്കാനോ അതില്‍ ഇടപെടാനോ സാധ്യമല്ലാതിരിക്കെ നമ്മള്‍ ബദല്‍ അന്വേഷണങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്നും കൂട്ടായ്മ വിലയിരുത്തുകയുണ്ടായി.
ക്യാമ്പില്‍ വിജയലക്ഷ്മി ടീച്ചര്‍ വിദ്യാഭ്യാസ നയ സമീപന രേഖ അവതരിപ്പിച്ചു. നയ സമീപന രേഖയുടെ കാതലായ “ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക, നിലനില്‍ക്കുക, നിലനില്‍ക്കാന്‍ അനുവദിക്കുക” എന്ന മുദ്രാവാക്യത്തെ ആസ്പദമാക്കി രണ്ടാം ദിവസം നടന്ന ചൂടേറിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കൂടാതെ സ്ഥലം എം. എല്‍. എ. ബാബു എം. പാലിശ്ശേരിയും കൂട്ടായ്മയില്‍ സന്നിഹിതനായിരുന്നു.
ആധുനിക വിദ്യാഭ്യാസം ഏറെ ശക്തിപ്പെട്ടിട്ടും പുതു തലമുറ മനുഷ്യത്വം ഇല്ലാത്തവരും അക്രമ വാസന ഉള്ളവരുമായി അധഃപ്പതിക്കുന്നതില്‍ കൂട്ടായ്മ തികഞ്ഞ ഉൽക്കണ്ഠ രേഖപ്പെടുത്തി. ബദല്‍ അന്വേഷണങ്ങളും ബോധവല്‍ക്കരണവും ശക്തിപ്പെടുത്തുകയും, മനുഷ്യത്വം ഉള്ള ഒരു തലമുറയെ രൂപീകരിക്കുന്നതിനായി ഉടന്‍ സമൂഹത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും കൂട്ടായ്മ വിലയിരുത്തുകയുണ്ടായി. രാജ്യത്തെ ഭരണഘടനയെ അംഗീകരിച്ചു കൊണ്ട് തികഞ്ഞ ജനാധിപത്യ ബോധമുള്ള സുസ്ഥിരോന്മുഖമായ വീക്ഷണം പുലര്‍ത്തുന്ന ഒരു പുതു തലമുറ സൃഷ്ടിക്കപ്പെടുമ്പോള്‍ അവരുടെ ഭാവി ശോഭനവും സ്നേഹസമ്പന്നവും ആയിരിക്കും എന്ന് മാത്രമല്ല, അത് വിശ്വ പൌരന്‍ എന്ന ആശയത്തിലേക്കുള്ള ഒരു വാതില്‍ തുറക്കല്‍ കൂടി ആയിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.
രണ്ടു ദിവസങ്ങളിലായി നടന്ന കൂട്ടായ്മ ഏവര്‍ക്കും ആനന്ദം പകരുന്നതും പ്രതീക്ഷയ്ക്ക് വക നല്കുന്നതുമായിരുന്നു. കൂട്ടായ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട നാല് കുടുംബങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് വേറിട്ട വിദ്യാഭ്യാസം നല്‍കാന്‍ സന്നദ്ധത അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നത് ഏറെ ആവേശം നിറഞ്ഞ അനുഭവമായി.