കോട്ടയം: സുഖ ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന തോട്ടയ്ക്കാട്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാര്ത്തികേയന് എന്ന ആന അപകടത്തില്‍ പെട്ട് ചെരിഞ്ഞു. അമിത വേഗത്തില്‍ പോകുകയായിരുന്ന ലോറി റോഡിലെ ഹമ്പില്‍ തട്ടാതിരിക്കുവാന്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് മസ്തകം ലോറിയുടെ ക്യാബിനില്‍ ഇടിക്കുകയും ഒപ്പം സൈഡില്‍ ഉണ്ടായിരുന്ന തടിയുടെ ചട്ടക്കൂട് ഒടിഞ്ഞ് ആനയുടെ കാലില്‍ വീഴുകയും ചെയ്തു. കാല് തടിക്കുള്ളില്‍ കുടുങ്ങി. ഇടിയുടെ ആഘാതത്തില്‍ ആനയുടെ മസ്തകത്തിനും കാലിനും തുമ്പിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും അപകടത്തില്‍ പെട്ട ആന മണികൂറുകളോളം ചികിത്സ കിട്ടാതെ ലോറിയില്‍ തന്നെ തളര്‍ന്നു കിടന്നു. ആനയ്ക്ക് നാട്ടുകാര്‍ വെള്ളവും ഭക്ഷണവും നല്കി. അപകടം നടന്ന് പതിനാലു മണിക്കൂറുകൾ കഴിഞ്ഞാണ് ആന ചെരിഞ്ഞത്.
പോലീസും ഫയര്‍ ഫോഴ്സും എത്തി തടിയും വടവും അറുത്തു മാറ്റി. ആനയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ പല തവണ അധികരികളെ ബന്ധപ്പെട്ടുവെങ്കിലും അവര്‍ വരാന്‍ മടിച്ചു. ഒടുവില്‍ നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതർ എത്തി. മൃഗ ഡോക്ടര്‍ എത്തുവാന്‍ വൈകി. വൈകുന്നേരം ക്രെയിന്‍ കൊണ്ടു വന്ന് ബെല്‍റ്റിട്ട് ആനയെ ലോറിയില്‍ നിന്നും ഇറക്കി. നിറയെ ഹമ്പുകള്‍ ഉള്ള ഈ റൂട്ടില്‍ ലോറി ഡ്രൈവര്‍ സാജന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് ആനയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ലക്ഷങ്ങള്‍ വിലയുള്ള ആനകളെ വളരെ അലക്ഷ്യമായി ലോറിയില്‍ കൊണ്ടു പോകുന്നതിന്റെ ഫലമായി അപകടങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊമ്പന് കണ്ടമ്പുള്ളി ബാലനാരായണന്‍ (നാണു എഴുത്തശ്ശന്‍ ശിവശങ്കരൻ) വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ നിന്നും തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചെരിയുകയായിരുന്നു. ലോറിയില്‍ കയറ്റിക്കൊണ്ടു പോകുമ്പോള്‍ ഷോക്കടിച്ച് ആന ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആന പരിപാലന രംഗത്ത് വേണ്ടത്ര ശ്രദ്ധ നല്കുവാന് അധികൃതരും ആനയുടമകളും പാപ്പാന്മാരും തയ്യാറാകാത്തതിന്റെ ഫലമാണ് ഇത്തരം ദുരന്തങ്ങള്‍. പാപ്പാന്മാരുടെ ക്രൂരമായ പീഢനത്തിന്റെ ഫലമായി ഗുരുവായൂര്‍ ദേവസ്വത്തിലെ അര്ജ്ജുന് എന്ന ആന കഴിഞ്ഞ ദിവസമാണ് ചെരിഞ്ഞത്. ആനയുടമ കൂടിയായ വനം മന്ത്രി ഗണേശ് കുമാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ഗുണപരമായ പല നടപടികളും എടുത്തു വരുന്നുണ്ടെങ്കിലും ഇനിയും വേണ്ടത്ര ജാഗ്രത പോരാ എന്നതിന്റെ തെളിവാണ് തോട്ടയ്ക്കാട്ട് കാര്‍ത്തികേയന്റേയും ഗുരുവായൂര്‍ അര്‍ജ്ജുനന്റേയും ദാരുണമായ അന്ത്യങ്ങള്‍ വ്യക്തമാക്കുന്നത്.