കൊച്ചി: വേണ്ട സമയത്ത് ഓക്സിജന് ലഭിക്കാത്തതിനെത്തുടര്ന്ന് കൊച്ചി സഹകരണ മെഡിക്കല് കോളെജ് ആശുപത്രിയില് ചികിത്സയില് ആയിരുന്ന മൂന്നു രോഗികള് മരണമടഞ്ഞു. കടവന്ത്ര കൊഴുപ്പിള്ളി ദീപാലയത്തില് ജയചന്ദ്രന് (67)ഞായറാഴ്ച്ച പുലര്ച്ചയും തൃപ്പൂണിത്തുറ തിരുവാണിയൂര് തോട്ടത്തില് പാപ്പു (78 ) നെടുമ്പാശ്ശേരി മേക്കാട് ആലുക്ക വര്ഗീസ് (62) എന്നിവര് ചൊവ്വാഴ്ച ഉച്ചയോടെയുമാണ് മരിച്ചത്.
രോഗികള്ക്ക് ഓക്സിജന് നല്കുന്നതിന് കേന്ദ്രീകൃത ഓക്സിജന് പ്ലാന്റില് ഘടിപ്പിച്ചിരുന്ന സിലിണ്ടര് കാലിയായിട്ടും മാറ്റാതിരുന്നതാണ് രോഗികളുടെ മരണത്തിന് ഇടയാക്കിയത്. ആശുപത്രി അധികൃതര് സംഭവം മൂടിവെയ്ക്കാന് ശ്രമിച്ചെങ്കിലും നേഴ്സുമാരുടെ സംഘടന ഇടപെട്ടതിനെത്തുടര്ന്നാണ് ഞെട്ടിക്കുന്നു ഈ സംഭവം വെളിച്ചത്തു വന്നത്.
ചെസ്റ്റ് ആന്ഡ് ടിബി വിഭാഗത്തില് തീവ്രപരിചരണവിഭാഗത്തില് പ്രവേശിപ്പിച്ചിരുന്ന ജയച്ചന്ദ്രന്റെയും പാപ്പുവിന്റെയും നില വഷളായതിനെ തുടര്ന്ന് പ്ലാന്റില് ഓക്സിജന് ഇല്ലാത്ത വിവരം ആശുപത്രി സൂപ്രണ്ടിനെയും മറ്റും ഫോണില് അറിയിക്കാന് ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നു നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയില് പറയുന്നു. ഇതെത്തുടര്ന്ന് സഹകരണ അക്കാദമി എക്സിക്യൂട്ടീവ് യോഗത്തിലായിരുന്ന മെഡിക്കല് ഡയറക്റ്ററേ വിവരമറിയിച്ചു പുതിയ സിലിണ്ടര് എത്തിച്ചുവെങ്കിലും അപ്പോഴേക്കും രോഗികളുടെ മരണം സംഭവിച്ചിരുന്നു.
ഓക്സിജന് തീരാറാവുമ്പോള് മുന്നറിയിപ്പ് സിഗ്നല് നല്കുന്ന സംവിധാനം ഐ. സി. യുവില് ഉണ്ട്. ഇതനുസരിച്ച് സ്റ്റാഫ് നേഴ്സ് കൃത്യസമയത്ത് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഓക്സിജന് മുടങ്ങിയ സംഭവങ്ങള് ഇതിനു മുന്പും ഉണ്ടായിട്ടുണ്ടെന്ന് നേഴ്സുമാരുടെ പരാതിയില് പറയുന്നു. രോഗികള് ഓക്സിജന് കിട്ടാതെ മരിക്കുന്നതിനു സാക്ഷ്യം വഹിച്ച നേഴ്സുമാരും മറ്റും ഞെട്ടലില് നിന്നും മോചിതരായിട്ടില്ല. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന് നേഴ്സുമാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയിട്ടുണ്ട്.