തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിലേക്ക് ഒരു ഭാരം കൂടി ഇറക്കി വെച്ചു കൊണ്ട് സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. റഗുലേറ്ററി കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വര്‍ദ്ധിപ്പിച്ച ചാര്‍ജ്ജ് കാലവര്‍ഷം ചതിച്ചതിനു പുറമെ സര്‍ക്കാര്‍ നല്‍കിയ അടിയായി. വൈദ്യുതി ആസൂത്രണത്തില്‍ ഗുരുതര പിഴവ് വരുത്തിയതു മൂലം സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് വര്‍ധിപ്പിച്ച നിരക്കും വരുന്നത്.
പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ് – 1.50 രൂപ, 41-80 യൂണിറ്റ് – 1.90 രൂപ, 81-120 യൂണിറ്റ് – 2.20 രൂപ, 121-150 യൂണിറ്റ് – 2.40 രൂപ, 151-200 യൂണിറ്റ് – 3.10 രൂപ, 201-300 യൂണിറ്റ് – 3.50 രൂപ, 301-500 യൂണിറ്റ് – 4.60 രൂപ.
വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ നടപടി ജനദ്രോഹപരമായി എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഈ വര്‍ദ്ധനയ്ക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്ക് നിലവിലുണ്ടാകുക. 2013 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള രഹസ്യ അജണ്ടയാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു.