കൊൽക്കത്ത: തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റാനുള്ള പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വി. എസ്. അച്യുതാനന്ദന്‍ സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചതായി സൂചന. വി. എസിന്റെ വിശ്വസ്ഥരായ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരന്‍, പ്രസ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാന്‍ പാര്‍ട്ടി സി. പി. എം. സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് സി. പി. എം. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
എന്നാല്‍ ഇവര്‍ മൂന്നു പേരും കുറ്റക്കാര്‍ അല്ലെന്നാണ് വി. എസിന്റെ നിലപാട്. വി. എസ്. ഇക്കാര്യം കേന്ദ്ര കമ്മറ്റിയില്‍ ഉന്നയിക്കുവാന്‍ സാധ്യത ഉണ്ട്. ഇതിനിടെ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് തന്നോടൊപ്പം കൊൽക്കത്തയിലേക്ക് വരാഞ്ഞത് പാര്‍ട്ടി വിലക്ക് മൂലം അല്ലെന്നും വ്യക്തിപരമായ അസൌകര്യങ്ങള്‍ മൂലമാണെന്നും വി. എസ്. മാധ്യമങ്ങളോട് പറഞ്ഞു. സി. പി. എം. കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കുവാനാണ് വി. എസ്. കൊല്‍ക്കത്തയില്‍ എത്തിയത്.