തൃശൂർ : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം മികച്ച നിലയിൽ ആഘോഷിക്കാൻ തീരുമാനം. ദേവസ്വം മന്ത്രി കെ. രാധാ കൃഷ്ണൻ, റവന്യൂ മന്ത്രി കെ. രാജൻ എന്നിവ രുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
പൂരത്തിന്‍റെ ഭാഗമായി വിവിധ വകുപ്പുകൾ പൂർത്തിയാക്കേണ്ടതായ കാര്യങ്ങളും അനുമതിയും സമയ ബന്ധിതമായി നേടി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം. തുടർന്ന് ഏപ്രിൽ പകുതിയോടെ മന്ത്രിതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും.
വെടിക്കെട്ടിന് ആവശ്യമായ ലൈസൻസുകളും മറ്റും സംബന്ധിച്ച നടപടികൾ വേഗത്തിൽ ആക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിർമ്മാണം മെയ് 6 ന് മുൻപായി പൂർത്തീകരിക്കണം.
പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും പൂര ത്തിന് തലേ ദിവസം തന്നെ ഉറപ്പാക്കേണ്ടതാണ്. പൊതു ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി പെസോ നിർദ്ദേശ പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ അനുവദിക്കുകയുള്ളൂ.
കോർപ്പറേഷൻ, ദേവസ്വങ്ങൾ തുടങ്ങിയവരുടെ പ്രതിനിധികൾക്ക് പൂരം പവലിയനിൽ ആവശ്യമായ ഇരിപ്പിടങ്ങൾ സജ്ജമാക്കുന്നതിന്ന് പവലിയന്‍റെ വലിപ്പം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. എക്സിബിഷൻ സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും. (പബ്ലിക് റിലേഷന്‍സ്)