ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍

July 5th, 2011

edappally-raghavan-pillai-epathram

മലയാള കവിതയില്‍ കാല്പനിക വിപ്ലവം കൊണ്ടു വന്ന ഇടപ്പള്ളി രാഘവന്‍ പിള്ള (1909 ജൂണ്‍ 30 – 1936 ജൂലൈ 5) ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇടപ്പള്ളിയുടെ കാവ്യ സപര്യയെ ഓര്‍ത്തു കൊണ്ട് കവിയായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘ഇടപ്പള്ളി’ എന്ന കവിത.

ഇടപ്പള്ളി

പ്രണയമെന്നുടെ ജീവിത സര്‍വ്വസ്വം
പാടി കോള്‍മയിര്‍ കൊള്ളിച്ച നിന്‍ യൗവ്വനം
വേദന തിന്നു ദുരിതപര്‍വ്വം കടന്ന്
ശാശ്വത സത്യത്തിലെത്തി യോര്‍മ്മയായി.

ചിരിയില്‍ പൊതിഞ്ഞ സ്നേഹ പ്രകടനം
ച്യുതിയിലേക്കു ള്ളറിയാ വഴികളും
പ്രതീക്ഷ നല്‍കി മോഹിപ്പിക്കും വചസ്സും
സാത്വികനാം നിനക്കന്യമേ ജീവിതം.

അകളങ്കഹൃത്തു ക്കളൊന്നുപോലും
തകരാതിരുന്നി ട്ടില്ലീയുലകിലെന്ന്
സത്യം ചെയ്യുന്ന നിന്റെ പ്രവചനങ്ങള്‍
അന്വര്‍ത്ഥമാകുന്നുണ്ടീ നൂറ്റാണ്ടിലും.

പുല്ലാകാം പുസ്തക ജ്ഞാനമെന്നാകിലും
പുലരിതന്‍ പുല്ലാങ്കുഴല്‍ വിളിക്കൊപ്പം
പ്രകൃതി കനിഞ്ഞരുളും സുരഭില
പ്രപഞ്ച സത്യം തൊട്ടറിയിച്ചവന്‍ നീ.

ഇന്നോളവും കേട്ടിതില്ലിതു പോലൊരു
രാഗ വൈഖരിയെന്ന് പരസ്പരം
കണ്മിഴിക്കുന്നു സഹൃദയര്‍ കണ്ടെത്തുന്നു
നവഭാവന സൌന്ദര്യ ശില്പങ്ങള്‍.

വിരഹ വിപഞ്ചിക മീട്ടി മീട്ടി നിന്‍
മരണ മണി നാദം സ്വയം മുഴക്കി
നാടു നീങ്ങി നീ കാല്പനിക മുദ്രയാല്‍
മലയാള കവിതയില്‍ പ്രായശ്ചിത്തം.

അസ്മോ പുത്തന്‍ചിറ

ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ മരണ പത്രത്തില്‍ എഴുതി :

ഞാന്‍ ഒന്നുറങ്ങിയിട്ട് ദിവസങ്ങള്‍ അല്ല, മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയ വേദന; ഇങ്ങനെ അല്പാല്പം മരിച്ചു കൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മ വീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനു വേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരി കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്റെ രക്ഷിതാക്കള്‍ എനിക്കു ജീവിക്കാന്‍ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു. ഇത് മഹാ ഭാരമായിട്ടാണ് തീരുന്നത്. ഞാന്‍ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷ ബീജങ്ങളാല്‍ മലീമസമാണ്. ഞാന്‍ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലു കടിക്കുന്നവയാണ്. ഞാന്‍ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവി ച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. എനിക്ക് ഏക രക്ഷാ മാര്‍ഗ്ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മ്മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയ ദൃഷ്ടിയും നിയമത്തിന്റെ നിശിത ഖഡ്ഗവും നിരപരാധി ത്വത്തിന്റെ മേല്‍ പതിക്കരുതേ!

എനിക്ക് പാട്ടു പാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നു പോയി – കൂപ്പുകൈ!

ഇടപ്പള്ളി രാഘവന്‍ പിള്ള
കൊല്ലം,
21-11-1111

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് ‘മണി നാദം’. കവിതയില്‍ നിന്ന് ഏതാനും വരികള്‍:

മണിനാദം

അനുനയിക്കുവാ നെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടെ യെന്നന്ത്യ യാത്രാമൊഴി:

മറവി തന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണ ഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ! -യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവന ലീലയിലെന്നുറ്റ തോഴരാം
കനക തൂലികേ! കാനന പ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗന ഗാനത്തിന്‍
മദതരളമാം മാമരക്കൂട്ടമേ!

പിരിയുകയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ് പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

ഇടപ്പള്ളി രാഘവന്‍ പിള്ള

ഇടപ്പള്ളി രാഘവന്‍ പിള്ള യുടെ ജീവിതത്തിലൂടെ:

മലയാളത്തിലെ കാല്പനിക കവികളില്‍ ഒരു കവിയാണ്‌ ഇടപ്പള്ളി. ഇറ്റാലിയന്‍ കാല്പനിക കവിയായ ലിയോപാര്‍ഡിയോട് ഇടപ്പള്ളിയെ നിരൂപകര്‍ തുലനപ്പെടുത്തുന്നു. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമ തരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകള്‍. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണ് അദ്ദേഹത്തിന്റേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

1909 ജൂണ്‍ 30ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തു വീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തു വീട്ടില്‍ മീനാക്ഷി യമ്മയുടെയും മകനായി ഇടപ്പള്ളി രാഘവന്‍ പിള്ള ജനിച്ചു. 1915-ല്‍ ഇടപ്പള്ളി ചുറ്റുപാടുകര എം. എം. സ്കൂള്‍ ഫോര്‍ ബോയ്സില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനു ശേഷം പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് 1919ല്‍ ഇടപ്പള്ളി വടക്കുംഭാഗം ഹയര്‍ഗ്രേഡ് വെര്‍ണാക്കുലര്‍ സ്കൂളില്‍ ചേര്‍ന്ന് 3-ആം സ്റ്റാന്‍ഡേര്‍ഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍ ചേര്‍ന്നു. ഇടപ്പള്ളി സാഹിത്യ സമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുത മേനോന്‍‍, ഇടപ്പള്ളി കരുണാകര മേനോന്‍ തുടങ്ങിയ വരുമായുള്ള ബന്ധവും ജന്മ സഹജമായ കവിതാ വാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവന്‍ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധ ശത്രുക്കളാ യിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായി തീര്‍ന്നു.

1927-ല്‍ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് സ്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്കൂള്‍ കാലത്തിനിടയില്‍ വളര്‍ന്ന പ്രേമ ബന്ധം ഇടപ്പള്ളി തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ ഇടയാക്കി. കുറച്ചു കാലം തിരുവനന്തപുരം ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയില്‍ ഗുമസ്തനായി നിന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിവാര പത്രമായ ‘ശ്രീമതി’ യില്‍ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോള്‍ ‘കേരള കേസരി’യില്‍ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള രാജ്യം ചിത്രവാരിക തുടങ്ങിയവയില്‍ കവിതകള്‍ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമ കവിതാ സമാഹാരമായ തുഷാര ഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തു വെച്ചാണ്. കൊല്ല വര്‍ഷം 1110-ലാണ് ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോ ‘തുഷാര ഹാരം’ പ്രസിദ്ധീകരിച്ചത്. ‘കേരള കേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ പ്രശസ്ത വക്കീലായിരുന്ന വൈക്കം വി. എം. നാരായണ പിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. ഭാഷാഭിവര്‍ദ്ധിനി പുസ്തകശാല വഴി തന്നെ ഹൃദയ സ്മിതം, നവ സൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.

കൊല്ലത്ത് വൈക്കം നാരായണ പിള്ളയുടെ വീട്ടില്‍ താമസിക്കുന്ന് കാലത്താണ് താന്‍ സ്നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹ ക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവര്‍ഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവന്‍ പിള്ള നാരായണ പിള്ളയുടെ വീട്ടില്‍ തൂങ്ങി മരിച്ചു. ആത്മഹത്യ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതി വിഷയകമായി രാഘവന്‍ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാള രാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു രാഘവന്‍ പിള്ള.

അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മണിനാദം’ അച്ചടിച്ചു വന്നു. ദിനപ്പത്രങ്ങളില്‍ മരണ വാര്‍ത്ത വന്നതും അതേ ദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’ വുമായി മലയാള രാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി. തുഷാര ഹാരം (1935), നവ സുരഭം (1936), ഹൃദയ സ്മിതം (1936), മണിനാദം (1944) എന്നിവയാണ് ഇടപ്പള്ളിയുടെ കൃതികള്‍.

- ഫൈസല്‍ ബാവ

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

വി.വി. രമേശനെ സി.പി.എം. തരം‌താഴ്‌ത്തി

July 4th, 2011

കാസര്‍കോട്: പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി. പി. എം. നേതാവ് വി. വി. രമേശനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തി. ജില്ലാ കമ്മറ്റിയുടെ തീരുമാന പ്രകാരം ഹോസ്ദുര്‍ഗ്ഗ് ലോക്കല്‍ കമ്മറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയതിന്റെ പേരിലാണ് ഡി. വൈ. എഫ്. ഐ. മുന്‍ സംസ്ഥാന ട്രഷററും സി. പി. എം. കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമായ രമേശനെതിരെ ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷറര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. സ്വാശ്രയ കോളേജുകള്‍ക്കെതിരെ എസ്. എഫ്. ഐ., ഡി. വൈ. എഫ്. ഐ. തുടങ്ങിയ സംഘടനകള്‍ നിരന്തരം സമരം നടത്തി വരുമ്പോള്‍ പാര്‍ട്ടി നേതാവ് തന്നെ മകള്‍ക്ക് അരക്കോടിയോളം വില വരുന്ന സീറ്റ് നേടിയെടുത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിന്ത രവി അന്തരിച്ചു

July 4th, 2011

തൃശ്ശൂര്‍: എഴുത്തുകാരനും സംവിധാകനും ഇടത് സഹയാത്രികനുമായ ചിന്ത രവി (65) അന്തരിച്ചു. വൈകീട്ട് എട്ടുമണിയോടെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന്  കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഒരേ തൂവല്‍ പക്ഷികള്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, മനുഷ്യന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള രവി അരവിന്ദനെ കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. യാത്രാവിവരണങ്ങളും നിരൂപണങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സ്വിസ് സ്കെച്ചുകള്‍, എന്റെ കേരളം, ബുദ്ധപഥം, കലാവിമര്‍ശനം ഒരു മാര്‍ക്സിയന്‍ മാനദണ്ഡം തുടങ്ങിയവയാണ്. സമാന്തര സിനിമയുടെ വക്താക്കളായിരുന്ന പി.എ.ബക്കര്‍, പവിത്രന്‍, കെ.ആര്‍.മോഹനന്‍ തുടങ്ങിയവരുമായുള്ള സൌഹൃദം അത്തരം സിനിമകള്‍ ഒരുക്കുന്നതിലേക്ക് നയിച്ചു. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള രവി ഒരു സ്വകാര്യ ടി.വി ചാനലിനു വേണ്ടി യാത്രാവിവരണ പരിപാടികള്‍ ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിയായ രവീന്ദ്രന് ചിന്ത പബ്ലിക്കേഷനില്‍ ജോലിചെയ്തതിനെ തുടര്‍ന്നാണ് ചിന്ത രവി എന്ന പേരു ലഭിച്ചത്. കോഴിക്കോടുനിന്നും പിന്നീട് തൃശ്ശൂ‍രിലേക്ക് താമസം മാറുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വത്ത് ക്ഷേത്രത്തിന്റേതു തന്നെ – മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

July 4th, 2011

treasure-epathram

തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂല്യം നിശ്ചയിച്ചു വരുന്ന സ്വത്ത് ക്ഷേത്രത്തിന്റേതു തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് പ്രാപ്തമാണെന്നും സി. ഐ. എസ്. എഫ്. പോലുള്ള സേനയുടെ സഹായം ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷാ ക്രമീകരണം ക്ഷേത്രത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്വത്തുക്കളുടെ മുല്യത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതില്ല. സ്വത്തുക്കളുടെ മൂല്യം കണക്കാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിക്കാനാണ് ഉത്തരവ്. അത് അതേ പടി നടപ്പിലാക്കും – മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുമെന്നും സുപ്രീം കോടതിയുടെ അനുമതിയോടെ സ്ഥിരം സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിശ്വാസികള്‍ക്ക് ആചാര അനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടാകാതെയും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുക എന്ന് ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. ഡി. ജി. പി. ജേക്കബ് പുന്നൂസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഇന്റലിജന്‍സ് എ. ഡി. ജി. പി. എ. ഹേമചന്ദ്രന്‍, ദക്ഷിണമേഖലാ എ. ഡി. ജി. പി. ചന്ദ്രശേഖരന്‍, ഐ. ജി. ഗോപിനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിധി വിവാദം : യുക്‌തിവാദി സംഘം നേതാവിന്റെ വീടിന് കല്ലേറ്

July 4th, 2011

u-kalanathan-epathram

വള്ളിക്കുന്ന്‌: യുക്‌തി വാദി സംഘം സംസ്‌ഥാന പ്രസിഡന്റ്‌ യു. കലാനാഥന്റെ വീടിനു നേരേ അക്രമം. വീടിന്റെ മൂന്നു ജനലുകള്‍ കല്ലേറില്‍ തകര്‍ന്നു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്‌ട്രിക്‌ സ്‌കൂട്ടര്‍ തകര്‍ത്തു. ശനിയാഴ്‌ച അര്‍ധരാത്രി 12.30 നാണു സംഭവം. സംഭവ സമയത്തു ഭാര്യ ശോഭനയും ഭാര്യാ മാതാവും മകന്‍ ഷമീറും വീട്ടിലുണ്ടായിരുന്നു. വൈദ്യൂതി ബന്ധം വിച്ഛേദിച്ച ശേഷമാണ്‌ അക്രമമുണ്ടായത്‌. അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത് എന്ന് വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു തിരുവനന്തപുരം അനന്തപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം സംബന്ധിച്ചു നല്‍കിയ പ്രതികരണത്തിലുള്ള പ്രതിഷേധമാണ്‌ അക്രമത്തിനു പിന്നിലെന്നു കരുതുന്നു.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « അടൂര്‍ ഗോപാലകൃഷ്ണന്‍ സപ്തതിയുടെ നിറവില്‍
Next »Next Page » സ്വത്ത് ക്ഷേത്രത്തിന്റേതു തന്നെ – മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine