ഉപ്പുതറ : മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണിക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി നടന്നു വരുന്ന മുല്ലപ്പെരിയാര്‍ നിരാഹാര സമരം അഞ്ചു വര്ഷം പിന്നിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയോടെ 1530 ദിവസം പിന്നിട്ട നിരാഹാര സമരം സംസ്ഥാനത്തെ തന്നെ ഇത്തരത്തില്‍ സമാധാനപരമായി നടക്കുന്ന ഏറ്റവും നീണ്ട സമരമാണ്.
അണക്കെട്ട് പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നത് വരെ ഈ സമരം തുടരും എന്ന് സമരത്തിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഉപ്പുത്തറയില്‍ മുല്ലപ്പെരിയാര്‍ സമര സമിതി സംഘടിപ്പിച്ച റാലിയില്‍ സമിതി ചെയര്‍മാന്‍ സി. പി. റോയ് പറഞ്ഞു. കേരളവും തമിഴ്നാടും തമ്മിലുള്ള ഒരു ജല തര്‍ക്കമായി ഈ പ്രശ്നത്തെ മാറ്റാനുള്ള ഒരു സംഘടിത നീക്കം നടക്കുന്നുണ്ട്. എന്നാല്‍ അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അണക്കെട്ട് ഉയര്‍ത്തുന്ന ആപത്ത് മാത്രമാണ് തങ്ങളുടെ പ്രശ്നം. രാഷ്ട്രീയത്തിനതീതമായി തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ തങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്നം പഠിക്കാന്‍ സുപ്രീം കോടതി ഉന്നത അധികാര സമിതിയെ നിയോഗിച്ച നടപടി സമര സമിതി സ്വാഗതം ചെയ്തു.