കണ്ണൂര്‍ : പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ ഇന്ന് രാവിലെ മട്ടന്നൂരില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തൊഴിലാളികളെ അനാഥരാക്കി മുങ്ങിയ തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ തൊഴിലാളികളുടെ ശമ്പള കുടിശിക നല്‍കാന്‍ ധാരണയായി. ദുബായിലെ കമ്പനിയില്‍ നിന്നും രേഖകള്‍ വരുത്തി പരിശോധിച്ചതിനു ശേഷം തൊഴിലാളികള്‍ക്ക് കൊടുക്കുവാനുള്ള കുടിശിക തിട്ടപ്പെടുത്താന്‍ ഒരാഴ്ച സമയം വേണമെന്ന ഉടമയുടെ ബന്ധുക്കളുടെ ആവശ്യം തൊഴിലാളികള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ധാരണയായത്. ഈ മാസം 15നു ചേരുന്ന തുടര്‍ യോഗത്തില്‍ ശമ്പള കുടിശികയുടെ ചെക്ക് തൊഴിലാളികള്‍ക്ക് കൈമാറണം എന്നതാണ് ചര്‍ച്ചയില്‍ എടുത്ത തീരുമാനം. ഇത് തൊഴില്‍ ഉടമയുടെ ബന്ധുക്കള്‍ അംഗീകരിച്ചിട്ടുണ്ട്.
പ്രവാസി തൊഴിലാളികളുടെ ആവശ്യ പ്രകാരം ഈ പ്രശ്നത്തില്‍ കോഴിക്കോട് ആസ്ഥാനമായ പ്രവാസി മലയാളി പഠന കേന്ദ്രം സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞ മാസം യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തിയ പ്രവാസി മലയാളി പഠന കേന്ദ്രം ഭാരവാഹികളായ എം.എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവര്‍ പ്രസ്തുത തൊഴിലാളികളെ ഷാര്‍ജയിലെ അവരുടെ ലേബര്‍ ക്യാമ്പില്‍ ചെന്ന് കാണുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. പ്രവാസികള്‍ക്ക് നാട്ടില്‍ ഒരു സഹായ കേന്ദ്രമായി വര്‍ത്തിക്കുക എന്നത് പ്രവാസി മലയാളി പഠന കേന്ദ്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.
ഇത്തരമൊരു സമരത്തില്‍ പ്രവാസികളോടൊപ്പം പ്രവര്‍ത്തിക്കുവാനും അവരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും കഴിഞ്ഞതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്ന് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം. എ. ജോണ്സന്‍ അറിയിച്ചു. തങ്ങള്‍ നല്‍കിയ പിന്തുണയേക്കാള്‍ സംഘടിതമായ തൊഴിലാളികളുടെ സംഘ ശക്തിയുടെ വിജയമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കണ്ണൂര്‍ : ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തങ്ങളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ തൊഴില്‍ ഉടമയുടെ കണ്ണൂര്‍ കൂടാളിയിലെ വീട്ടില്‍ ഇവിടെ നിന്നും മടങ്ങി എത്തിയ തൊഴിലാളികള്‍ ഇന്ന് രാവിലെ അന്വേഷിച്ചെത്തി. എന്നാല്‍ അപ്പോഴേയ്ക്കും വിവരം മണത്തറിഞ്ഞ തൊഴില്‍ ഉടമ വിമാനം കയറി അറബി നാട്ടിലേയ്ക്ക് പറന്നിരുന്നു. ആറു മാസക്കാലം തങ്ങള്‍ക്ക് ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച തൊഴിലുടമയുടെ വീട്ടിനു മുന്‍പില്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറോളം പ്രവാസി തൊഴിലാളികള്‍ തടിച്ചു കൂടിയതോടെ രംഗം സംഘര്‍ഷ ഭരിതമായി. കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പുറമേ ആന്ധ്ര, തമിഴ്നാട്, പഞ്ചാബ് എന്നിങ്ങനെ ഇന്ത്യയില്‍ പല ഭാഗത്ത് നിന്നുമുള്ള തൊഴിലാളികളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.
ചാവക്കാട്: കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ ഇയര്‍ ബി. എസ്. സി. റാങ്ക് ലിസ്റ്റ് ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജ് ആറ് റാങ്കുകള്‍ കരസ്ഥമാക്കി. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ ഒന്നാം റാങ്ക് ഗ്രീഷ്മ ഗോപാലന്‍ കാവീടിനും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം റാങ്ക് അപര്‍ണ കെ. വി, പെരുമ്പിലാവിനും ലഭിച്ചു. ബി. എസ്. സി. കെമിസ്ട്രി വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടി മുബീന പി. കെ. എടക്കഴിയൂര്‍, മൂന്നാം റാങ്ക് നേടി അഞ്ജു ഉണ്ണികൃഷ്ണന്‍, കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നാം റാങ്ക് നേടി ജയശ്രീ പി. ജെ. ചാവക്കാട്, മാത്തമാറ്റിക്സില്‍ മൂന്നാം റാങ്ക് നേടി മീര യു. പോര്‍ക്കുളവും ഉന്നത വിജയം നേടി.

























