തിരുവനന്തപുരം: കിഫ്ബിയിൽ പൂർണ ഓഡിറ്റിന് അനുമതി നൽകാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് നൽകിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി ഓഡിറ്റിൽ ഒരു തരത്തിലുള്ള മറച്ചുവയ്ക്കലുമില്ല. സുതാര്യമായ രീതിയിൽ കിഫ്ബിയിൽ സിഎജിയുടെ ഓഡിറ്റ് നടക്കുന്നുണ്ട്. കിഫ്ബിക്കെതിരെ ഇപ്പോൾ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ്. ഈ വരവ് ചെലവടക്കമുള്ള സകല കണക്കുകളും നിയമസഭയിൽ വയ്‍ക്കേണ്ടതാണ്.
സിഎജി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ഓഡിറ്റിംഗ് നടക്കുന്നുണ്ട്. അതുകൊണ്ട് 20-ാംവകുപ്പ് പ്രകാരമുള്ള പൂർണ ഓഡിറ്റിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്.
സുതാര്യമായി നടക്കുന്ന കിഫ്ബിക്ക് എതിരെ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ല. ഇത്തരം തെറ്റായ പ്രചാരണങ്ങൾ സംസ്ഥാനത്തിന്‍റെ പ്രളയാനന്തരപുനർനിർമാണത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.