![k-sudhakaran-epathram](http://epathram.com/keralanews-2010/files/k-sudhakaran-epathram.jpg)
തിരുവനന്തപുരം : സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു. എ. ഇ. സന്ദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം എന്ന് കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ശക്തമായി രംഗത്തു വരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ നിശബ്ദത പാലിക്കുന്നു. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കേന്ദ്രം തടഞ്ഞത് എങ്കില്‍ അതു കേരളത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ആയതിനാല്‍ കേന്ദ്രവും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.
കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യ മന്ത്രിക്ക് വിദേശ യാത്രാ അനുമതി നിഷേധിച്ചതിനു മതിയായ കാരണങ്ങള്‍ കാണും എന്ന് കരുതുന്നവരും ഉണ്ട്.
യു. എ. ഇ. സര്‍ക്കാര്‍ നിക്ഷേപം സംഗമം നടത്തുന്നത് അവരുടെ രാജ്യത്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്ന തിനാണ്. അതിനിടെ മുഖ്യമന്ത്രി എങ്ങനെ കേരള ത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കും എന്നത് വ്യക്തമല്ല.
യു. എ. ഇ. സര്‍ക്കാറിന്‍റെ നിക്ഷേപ സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് മറ്റു ചില അജന്‍ഡകളും ആയിട്ടാണ് എന്ന് സംശയം ഉയരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടാത്ത നിക്ഷേപ സംഗമ യാത്രക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നേ കാല്‍ കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. ഇതിനൊക്കെ ആരു സമാധാനം പറയുമെന്ന് സുധാകരന്‍ ചോദിച്ചു.
2016 ഡിസംബറിലെ ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ഒരു ബാഗ് മറുന്നു വെക്കുകയും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവ ശങ്കര്‍, തിരുവനന്തപുരത്തെ യു. എ. ഇ. കോണ്‍സുലേറ്റിലെ സ്വപ്‌ന സുരേഷിന്‍റെ സഹായ ത്തോടെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ഈ ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ നിറയെ കറന്‍സി ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച അന്വേഷണം നടത്തി വരികയുമാണ്. രാജ്യത്തു നിന്ന് കറന്‍സി കടത്തിയതും സ്വര്‍ണ്ണം കൊണ്ടു വന്നതുമായ നിരവധി ആക്ഷേപ ങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ആശീര്‍ വാദത്തോടെ നടന്ന കേരളത്തിലെ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് പ്രധാന മന്ത്രി കഴിഞ്ഞ കേരള സന്ദര്‍ശന വേളയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാണോ മുഖ്യമന്ത്രി യുടെ യു. എ. ഇ. സന്ദര്‍ശനം തടയാന്‍ കാരണം എന്നുള്ള കാര്യം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തണം.
എ. ഐ. ക്യാമറ, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള നിരവധി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ വരെ ഉള്‍പ്പെട്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. അവരില്‍ പലര്‍ക്കും ഗള്‍ഫുമായി അടുത്ത ബന്ധമുണ്ട്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും അറബ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒരുപാട് പ്ലാനും പദ്ധതികളും ഉണ്ട് എന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ഇതുമായി കൂട്ടി വായിക്കാം എന്നും കെ. സുധാകരന്‍ പറഞ്ഞു.