ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ കരുവാരക്കുണ്ട് 34ാം നമ്പർ അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി. ആർ. എം. കബീർ മുഹമ്മദാലി എന്ന വ്യക്തി സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകിയ 3 സെൻറ് സ്ഥലത്താണ് ശിശു സൗഹൃദവും ശിതീകരിച്ച ക്ലാസ് റൂമുകളോട് കൂടിയ അത്യാധുനിക അങ്കണവാടി നിർമ്മിച്ചത്.
കുട്ടികളുടെ ആരോഗ്യപരവും ബുദ്ധി പരവുമായ ആദ്യ കാൽവെപ്പുകൾക്ക് മാതൃകയാകും വിധമാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. 504 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഹാൾ, അടുക്കള, വരാന്ത, ശുചി മുറി, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, സ്റ്റോർ റും എന്നിവയുണ്ട്. കുട്ടികൾക്ക് കൗതുകം ഏകാൻ മനോഹര മായ ആർട്ട് വർക്കും നടത്തി യിട്ടുണ്ട്. ആറ് മാസം കൊണ്ടാണ് ഒരുമനയൂര്‍ പത്താം വാർഡിലെ ഈ അങ്കണ വാടിയുടെ പണി പൂർത്തീകരിച്ചത്.
ടി. എൻ. പ്രതാപൻ എം. പി. അങ്കണവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി. സി. ഷാഹിബാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആഷിത കുണ്ടിയത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇ. ടി. ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, പഞ്ചായത്ത് അംഗങ്ങൾ, ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ. എച്ച്. കയ്യുമ്മു ടീച്ചർ സ്വാഗതം പറഞ്ഞു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിത രാമൻ നന്ദി പറഞ്ഞു.
ടി. എൻ. പ്രതാപൻ എം. പി. യുടെ 2019 -20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒരുമനയൂർ പഞ്ചായത്തിലെ ആദ്യത്തെ ശീതീകരിച്ച അങ്കണവാടി യഥാർത്ഥ്യം ആക്കിയത്.