നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു വേണ്ടിയും എല്‍. ഡി. എഫിനു വേണ്ടിയും മത്സരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ ഇരുവരും രാഷ്ടീയ ചേരി മാറിയവരാണ്. അടുത്തയിടെ സിറ്റിങ്ങ് എം. എല്‍. എ. സ്ഥാനം രാജി വെച്ച് സി. പി. എം. വിട്ട ആര്‍. ശെല്‍വരാജാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന്‍ സി. പി. എം. നേതൃനിരയില്‍ എത്തിയ ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. സി. പി. എം. വിടുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി സ്വീകരിക്കാറുള്ള യു. ഡി. എഫ്. ശെല്‍വരാജിനേയും ഇരുകയ്യും നീട്ടി സ്വീകരിച്ചു.
എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ട അഡ്വ. എഫ്. ലോറന്‍സ് മുന്‍പ് കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആയിരുന്നു. മുമ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന മത്സരത്തില്‍ സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തെ ഇടതു മുന്നണി പിന്തുണയ്ക്കു കയായിരുന്നു. നിലവില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗമായ അഡ്വ. എഫ്. ലോറന്‍സിനെ സ്ഥനാര്‍ഥി ആക്കുന്നതില്‍ സി. പി. എമ്മിലെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
എതിര്‍ സ്ഥാനാര്‍ഥിയും ചേരി മാറിയ ആള്‍ ആയതിനാല്‍ ആര്‍. ശെല്‍വരാജിനെതിരെ ഉയരാനുള്ള പ്രധാന ആരോപണത്തില്‍ നിന്നും യു. ഡി. എഫിനു തല്‍ക്കാലം രക്ഷയാകും. പിറവത്ത് റെക്കോര്‍ഡ് വിജയം നേടിയെങ്കിലും അനവസരത്തില്‍ ഉയര്‍ന്ന അഞ്ചാം മന്ത്രി വിവാദങ്ങള്‍ യു. ഡി. എഫിനു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സാമുദായിക പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ പിടിവാശിക്ക് മുമ്പില്‍ മുട്ടു കുത്തിയ യു. ഡി. എഫ്. നേതൃത്വത്തിന്റെയും കോണ്‍ഗ്രസ്സിന്റേയും നിലപാട് സംസ്ഥാനത്തൊട്ടാകെ സാമുദായിക ധ്രുവീകരണത്തിനു വഴി വെച്ചിട്ടുണ്ട്.