
ചാവക്കാട്: ലീഗ് സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ ചാവക്കാട് യൂത്ത് ലീഗ് പ്രകടനം നടത്തി. ഐക്യ മുന്നണി സ്ഥാനാര്‍ത്ഥി ക്കെതിരെ ലീഗ് അനുയായികള്‍ തന്നെ പ്രകടനം നടത്തിയത് ലീഗ് നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗിനു ഏറെ സ്വാധീനമുള്ള കടപ്പുറം പഞ്ചായത്തിലെ ലീഗ് അനുയായികള്‍ക്ക് പാണക്കാട് നിന്നും വന്ന തീരുമാനം ഒട്ടും രസിച്ചിട്ടില്ല എന്നതിനു തെളിവാണ് ഈ പ്രകടനം. കഴിഞ്ഞ തവണ കെ. വി. അബ്ദുള്‍ കാദറിനോട് മത്സരിച്ച് തോറ്റ മുസ്ലീം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി. എച്. റഷീദിന് ഒരവസരം കൂടി നല്‍കേണ്ടതിനു പകരം മലപ്പുറം ജില്ലയിലുള്ള ഒരാളെ ഗുരുവായൂരില്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് അണികള്‍ പരസ്യമായി രംഗത്ത് വന്നത്. ഇതു വിജയ സാദ്ധ്യതയെ കാര്യമായി ബാധിക്കുമെന്ന് യു. ഡി. എഫ്. നേതാക്കള്‍ തന്നെ തുറന്നു പറയുന്നു. പ്രചരണ രംഗത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ കാദര്‍ ഏറെ മുന്നേറി ക്കഴിയുമ്പോഴും യു. ഡി. ഏഫ്. ക്യാമ്പില്‍ മ്ലാനത മാറിയിട്ടില്ല.



തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ള നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ചു. ബാലകൃഷ്ണ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചത് കോണ്ഗ്രസില്‍ ഏറെ ആശയ കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് കോണ്ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പി. പി. തങ്കച്ചനും ബാലകൃഷ്ണ പിള്ളയെ പൂജപ്പുര ജയിലില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഇതിനു ശേഷമാണ് താന്‍ മത്സരിക്കുന്നില്ല എന്ന് പിള്ള അറിയിച്ചത്.
























