കല്‍പ്പറ്റ: ഒരു ഇടവേളക്ക് ശേഷം വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തിരിച്ചു വരുന്നു. കഴിഞ്ഞ യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന വി.എസ്. അച്ച്യുതാനന്തന്‍ സര്‍ക്കാര്‍ വയനാടിനു പ്രത്യേക പാക്കേജ് തയ്യാറാക്കി കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികള്‍ നടപ്പില്‍ വരുത്തി. ഇതേ തുടര്‍ന്ന് കര്‍ഷകരുടെ ആത്മഹത്യ വളരെ കുറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും മലയോര കാര്‍ഷിക മേഘലയില്‍ കര്‍ഷക ആത്മഹത്യ തിരിച്ചുവരുന്നതായാണ് സമീപ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ മൂന്നു കര്‍ഷകരാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഏറ്റവും ഒടുവില്‍ ജില്ലയിലെ തൃക്കൈപ്പറ്റ മുരുക്കും കുന്ന് സ്വദേശി വര്‍ഗ്ഗീസ് (രാജു) എന്ന കര്‍ഷകന്‍ കടബാധ്യത മൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഭൂമി പാട്ടാത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്ന വര്‍ഗ്ഗീസിന് മൂന്നു ലക്ഷം രൂപ കടം ഉണ്ടായിരുന്നു. വയനാട്ടിലെ ചെറുകിട കര്‍ഷകരില്‍ അധികവും ഇഞ്ചി, വാഴ തുടങ്ങിയ ഹൃസ്വകാല കൃഷിയെ ആശ്രയിക്കുന്നവരാണ്. ജില്ലക്കകത്തും സമീപ സംസ്ഥാനമായ കര്‍ണ്ണാടകയിലെ കുടകിലും ഇവര്‍ കൃഷിയിറക്കുന്നു. ബാങ്കുകളുടെ നൂലാമാലകള്‍ മൂലം പാട്ടത്തിനു ഭൂമിയെടുത്ത് കൃഷിയിറക്കുന്നവരില്‍ അധികവും മൂലധനത്തിനായി ബ്ലേഡ് പലിശക്കാരെ ആണ് സമീപിക്കുന്നത്. ഇത്തരത്തില്‍ കൃഷിയാവശ്യത്തിനായി ബ്ലേഡ് മാഫിയയില്‍ നിന്നും അമിത പലിശക്ക് കടമെടുക്കുന്നവരാണ് കൂടുതലും കടക്കെണിയില്‍ പെടുന്നത്. കൂടാതെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില വര്‍ദ്ധിച്ചതും, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും കാര്‍ഷിക മേഘലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.