തിരുവനന്തപുരം : വര്‍ദ്ധിച്ച കട ബാദ്ധ്യത മാത്രമല്ല കേരളത്തില്‍ കണ്ടു വരുന്ന കര്‍ഷക ആത്മഹത്യയ്ക്ക് കാരണമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ പ്രസ്താവിച്ചു. ഒട്ടേറെ സാമൂഹികമായ കാരണങ്ങള്‍ കൂടി ഈ ആത്മഹത്യകള്‍ക്ക് പുറകിലുണ്ട് എന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ കര്‍ഷകരുടെ കട ബാദ്ധ്യത കര്‍ണ്ണാടകത്തിലെയോ തമിഴ്‌നാട്ടിലെയോ കര്‍ഷകരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. എന്നാല്‍ കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യത്തില്‍ തങ്ങളുടെ സാമ്പത്തിക പരാധീനത പുറത്തു പറയാന്‍ നാണക്കേടും അപമാനവുമാണ്. മാദ്ധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചാരം നേടുന്ന വിവേചന രഹിതമായ ഉപഭോഗ ശീലങ്ങളും, സാമ്പത്തിക സ്ഥിതിയ്ക്ക് യോജിക്കാത്ത മോഹങ്ങളും ഉല്‍ക്കര്‍ഷേച്ഛയും അഭിലാഷങ്ങളും മോഹഭംഗങ്ങളിലേക്ക് നയിക്കുന്നതാണ് പലപ്പോഴും ആത്മഹത്യകള്‍ക്ക് കാരണമാവുന്നത്.
കര്‍ഷക ആത്മഹത്യകള്‍ നേരിടാന്‍ ഇടതു പക്ഷ സര്‍ക്കാര്‍ പഠനങ്ങളുടെ വെളിച്ചത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പരിഹാര മാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി. ഇത്തരം പഠനങ്ങള്‍ ഉചിതമായി ഉപയോഗത്തില്‍ വരുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരും നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പ്രൊഫ. ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.