തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കും വരെ തുടരുമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണിയുടെ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച അനിശ്ചിതകാല സമരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ഉച്ചയോടെ പിന്‍ വലിക്കുകയായിരുന്നു. സമര വേദിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് സെട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കുന്ന പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി രാജി വെയ്ക്കും വരെ സെക്രട്ടേറിയേറ്റ് ഉപരോധ സമരം തുടരും എന്ന് പറഞ്ഞ ഇടതു മുന്നണി നേതാക്കള്‍ പൊടുന്നനെയാണ് നിലപാട് മാറ്റിയത്. ഇതോടെ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യവുമായി ആരംഭിച്ച സമരം ലക്ഷ്യം കാണാതെ പോയി.
സമരം ഭാഗിക വിജയമായതായി പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ പ്രഖ്യാപിച്ചെങ്കിലും ഇടതു പക്ഷം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് ബി.ജെ.പി. യുടെ നിലപാട്.
മുഖ്യമന്ത്രി രാജി വെയ്ക്കാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന്റെ ചുവട് പിടിച്ച് ഉപരോധ സമരം പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രിയ്ക്കെതിരായ ബഹിഷ്കരണം തുടരും. ഇത് പിണറായി വിജയന്‍ സമര വേദിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. നിഷപ്ക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണത്തിനായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന് സമരം ചെയ്ത ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.