കൊച്ചി: രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവന്ന് സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഉണ്ടായ നാണക്കേട് മാറ്റിയെടുക്കുവാന്‍ ഉള്ള ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പാളി എന്ന് മാധ്യമങ്ങളും രാഷ്ടീയ നിരീക്ഷകരും വിലയിരുത്തുന്നു.ഹൈക്കമാന്റിനെ കൊണ്ട് നിര്‍ബന്ധിച്ച് ചെറിയ വകുപ്പ് നല്കി രമേശിനെ പേരിനൊരു മന്ത്രിസ്ഥാനം നല്കി ഇരുത്താം എന്ന അടവ് ഫലിച്ചില്ല എന്നതാണ് ഇവര്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അതല്ല മറിച്ച് ഉമ്മന്‍ ചാണ്ടി വിജയിച്ചിരിക്കുകയ്‍ാണ് എന്ന് ഒരു ചെറുവിഭാഗം വിശ്വസിക്കുന്നു. ഉപമുഖ്യമന്ത്രിയായി ആഭ്യന്ത വകുപ്പും നല്കി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഇരുത്തുക എന്നത് ഗ്രൂപ്പ് പോരില്‍ മുന്നേറുന്ന കോണ്‍ഗ്രസ്സില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയേ ഉള്ളൂ. ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ അതുവച്ച് സോളാര്‍ കേസ് ഉള്‍പ്പെടെ മുഖ്യമന്ത്രിയ്ക്കെതിരെ നേരിട്ട് ഉപയോഗിക്കാന്‍ ഉള്ള അവസരം ഐ ഗ്രൂപ്പിനു ലഭിക്കും. സമവായം എന്ന നിലയില്‍ കെ.പി.സി.സി പ്രസിഡണ്ടായി ജി.കാര്‍ത്തികേയനേയോ വി.എം സുധീരനേയോ നിയോഗിക്കുകയും ഒപ്പം ആഭ്യന്തര വകുപ്പ് പോകുന്ന സാഹചര്യം വരികയും ചെയ്താല്‍ അത് എ ഗ്രൂപ്പിനു വലിയ ക്ഷീണം ഉണ്ടാക്കുകയും ചെയ്യും.
മുഖ്യമന്ത്രിയെ സംബന്ധിച്ച് സോളാര്‍ തട്ടിപ്പില്‍ തന്റെ വിശ്വസ്ഥരില്‍ ചിലര്‍ക്ക് പങ്കുണ്ടെന്നും തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ചില ഇടപാടുകള്‍ നടത്തി എന്ന ആരോപണവുമാണ് തലവേദന സൃഷ്ടിച്ചിരുന്നത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ ഉന്നതരുമായുള്ള ബന്ധത്തെ പറ്റി 24 പേജുള്ള പരാതിയില്‍ പറഞ്ഞിരിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതും ബുദ്ധുമുട്ടുണ്ടാക്കി. എന്നാല്‍ കോടതിയില്‍ സരിത എസ്.നായര്‍ എഴുതി നല്കിയ 4പേജുള്ള പരാതിയില്‍ ഒരു പ്രമുഖന്റെ പേരു പോലും ഉള്‍പ്പെട്ടില്ല. മാത്രമല്ല സര്‍ക്കാറിനു ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അതൊടെ ഉമ്മന്‍ ചാണ്ടിക്ക് പിടിവള്ളി കിട്ടി.
ഉപമുഖ്യമന്ത്രി പദം നല്കുവാന് ഉമ്മന്‍ ചാണ്ടി തയ്യാറാണെന്നും എന്നാല്‍ ഘടക കക്ഷികള്‍ അതിനു സന്നദ്ദമല്ലെന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ “പ്രത്യക്ഷപ്പെട്ട” തോടെ ഉമ്മന്‍ ചാണ്ടിക്ക് രമേശിന്റെ ഉപമുഖ്യമന്ത്രിസ്ഥാനക്കാര്യത്തില്‍ വന്ന തടസ്സത്തിന്റെ പാപം ചുമക്കേണ്ടിയും വന്നില്ല. ദില്ലി ചര്‍ച്ചകളില്‍ പതിവു പോലെ രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ചോ വകുപ്പ് സംബന്ധിച്ചോ തീരുമാനം ആയുമില്ല. ചര്‍ച്ച പുരോഗമിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിസ്ഥാനമോ ആഭ്യന്തരമോ ലഭിക്കില്ലെന്നും ഒപ്പം കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം നഷ്ടമായേക്കുമെന്നും രമേശ് ചെന്നിത്തലക്ക് ബോധ്യമാകുകയും ചെയ്തു. ഇതിന്റെ ഫലമായി നാലാം വട്ടവും അപമാനിതനായി രമേശ് ചെന്നിത്തലയ്ക്ക് ദില്ലിയില്‍ നിന്നും മടങ്ങേണ്ട സാഹചര്യവും വന്നു.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താന്‍ ഇല്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരസ്യമായി പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നിലവിലെ സ്ഥിതി തുടരും എന്ന് ഹൈക്കമാന്റ് പറഞ്ഞതായി എ ഗ്രൂപ്പ് നേതാക്കളും വ്യക്തമാക്കി.
ഇതോടെ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനമോ ഉപമുഖ്യമന്ത്രിസ്ഥാനമോ നല്‍കേണ്ടതില്ല എന്നത് ഉറപ്പാക്കുകയും ഒപ്പം സോളാര്‍ വിഷയത്തില്‍ നിന്നും മ്‍ാധ്യമ ശ്രദ്ധ ഗ്രൂപ്പ് പോരിലേക്ക് മാറ്റിയെടുക്കുന്നതിലും വിജയം കണ്ടു. ഗ്രൂപ്പ് തിരിഞ്ഞ് പ്രസ്ഥാവനകള്‍ ഇറക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാര്യം നേതാക്കന്മാര് ഏറ്റെടുത്തു കഴിഞ്ഞു. പി.സി.ജോര്‍ജ്ജും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. റംസാനും തുടര്‍ന്ന് ഓണവും കൂടെ വരുന്നതോടെ മാധ്യമങ്ങളില്‍ നിന്നും സോളാര്‍ വിഷയം പെട്ടെന്ന് അപ്രത്യക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.