സഹോദര സംഘം സ്ഥാപകന്‍ സഹോദരന്‍ അയ്യപ്പന്റെ ചരമ ദിനമാണിന്ന്. സാമൂഹിക പരിഷ്കര്‍ത്താവ്, ചിന്തകന്‍, പത്ര പ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ നിരവധി മുഖങ്ങളുള്ള ഇദ്ദേഹം ശ്രീനാരായണ ഗുരുവിന് ഏറെ അടുപ്പമുള്ള ശിഷ്യനുമായിരുന്നു. തന്റെ കാഴ്ച്ചപ്പാട് വെട്ടിത്തുറന്നു പറയുന്ന അയ്യപ്പന്‍ ഗുരുവിന്റെ പ്രസിദ്ധമായ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മുദ്രാവാക്യത്തെ “ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്” എന്ന് മാറ്റി എഴുതി.
ജാതി വ്യവസ്ഥിതിയ്ക്കെതിരെ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടത്തി സാമൂഹിക പരിഷ്കരണത്തിനായി അവിരാമം പ്രവര്‍ത്തിച്ചു വരുന്നതിനിടയിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. 1928 ല്‍ കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹോദരന്‍ അയ്യപ്പന്‍ രണ്ടു തവണ കൊച്ചിയുടെയും ഒരു തവണ തിരു – കൊച്ചിയുടെയും മന്ത്രിയായി സേവനം അനുഷ്ഠിച്ചു. ഒട്ടേറെ പുരോഗമനപരമായ പരിപാടികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ജാതി വ്യവസ്ഥയ്ക്കെതിരെ എല്ലാ ജാതിയിലും പെട്ടവരെ സംഘടിപ്പിച്ച് 1917ല്‍ ചെറായിയില്‍ നടത്തിയ മിശ്ര ഭോജനം മുതല്‍ 1928ല്‍ കൊച്ചി നിയമ സഭാംഗം ആയിരിക്കെ പ്രണയ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കണം എന്ന് വാദിച്ചത് വരെ ഇതില്‍ പെടുന്നു.
സംശുദ്ധമായ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃക ആയിരുന്ന സഹോദരന്‍ അയ്യപ്പന്‍, വ്യക്തി ജീവിതത്തില്‍ പുലര്‍ത്തിയ ഉയര്‍ന്ന മൂല്യങ്ങള്‍ അദ്ദേഹത്തെ സമൂഹത്തിന്റെ എല്ലാ വിഭാഗം ആളുകളുടെ ഇടയിലും ഏറെ ആരാധ്യനാക്കി. 1968 മാര്‍ച്ച് 6ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.